ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ച് സർക്കാർ ഉത്തരവ്. സെപ്തംബർ ഒന്ന് മുതൽ നിയന്ത്രണം നിലവിൽ വരും. ക്ഷേത്രങ്ങളുടെ പവിത്രതയും സമാധാനവും നിലനിർത്തുന്നതിനും വിഗ്രഹങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് തടയുന്നതിനുമാണ് നടപടി. ഹിന്ദുമത ധർമ്മസ്വകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. 2022 ഡിസംബർ രണ്ടിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം നടപ്പാക്കുന്നത്.
ക്ഷേത്ര കവാടങ്ങളിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ സുരക്ഷിതമായ ലോക്കർ സൗകര്യം ഒരുക്കും. ഒരു ഫോണിന് അഞ്ച് രൂപ ഈടാക്കി രസീത് നൽകും. നിയന്ത്രണത്തെക്കുറിച്ച് ഭക്തരെ അറിയിക്കാൻ ക്ഷേത്രങ്ങളിൽ അറിയിപ്പ് ബോർഡുകളും അനൗൺസ്മെന്റുകളും സ്ഥാപിക്കും. സാമൂഹിക മാധ്യമങ്ങൾക്കായി റീൽസുകളും വീഡിയോകളും ചിത്രീകരിക്കുന്നത് മറ്റ് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കാനും പുതിയ നിയന്ത്രണം ലക്ഷ്യമിടുന്നു.




