ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, അദാനി ഗ്രീൻ മുൻ സി.ഇ.ഒ വിനീത് ജെയിൻ എന്നിവർക്കെതിരായ ക്രിമിനൽ കേസ് യു.എസ് കോടതി തള്ളി. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ഹർജി അംഗീകരിച്ച് കേസ് ‘വിത്ത് പ്രെജുഡീസ്’ എന്ന നിലയിൽ തള്ളിയത്. ഇതോടെ ഭാവിയിൽ ഇതേ കേസിൽ വീണ്ടും നിയമനടപടി ആരംഭിക്കാനാകില്ല. രണ്ടുവർഷത്തോളമായി തുടരുന്ന നിയമനടപടികൾക്കാണ് ഇതോടെ വിരാമമായത്.
എന്തായിരുന്നു കേസ്?
2024 നവംബറിലാണ് അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ പുറത്തുവന്നത്. ഇന്ത്യയിൽ സൗരോർജ പദ്ധതികളുടെ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം യു.എസ്. ഡോളർ, അതായത് ഏകദേശം 2,100 കോടി രൂപ, കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഇതിലൂടെ അടുത്ത 20 വർഷത്തിനിടെ രണ്ട് ബില്യൺ ഡോളറിലധികം നികുതിക്ക് ശേഷമുള്ള ലാഭം നേടാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടതായും യു.എസ് അധികൃതർ ആരോപിച്ചിരുന്നു.
യു.എസ് വിപണിയിൽനിന്ന് വായ്പകളും ബോണ്ടുകളും വഴി മൂന്ന് ബില്യൺ ഡോളറിലധികം സമാഹരിക്കുന്നതിനിടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവും കേസിലുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് തുടക്കംമുതൽ നിഷേധിച്ചിരുന്നു.
കേസ് പിൻവലിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്
കേസ് തുടരുന്നത് നീതിനിർവഹണത്തിന് അനുയോജ്യമല്ലെന്ന് നിലവിലെ ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. പ്രധാന ആരോപണങ്ങൾ ഇന്ത്യയിലാണ് നടന്നതെന്നും ഇന്ത്യൻ അധികൃതർ വിഷയം പരിശോധിച്ചിട്ടുണ്ടെന്നും യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടമുണ്ടായതായി തെളിയിക്കാനും സാധിച്ചിട്ടില്ലെന്ന് സർക്കാർ വാദിച്ചു.
യു.എസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന ഗൗതം അദാനിയുടെ മുൻ വാഗ്ദാനം കേസ് പിൻവലിക്കാനുള്ള കാരണമായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ‘വിത്ത് പ്രെജുഡീസ്’ ആയി തള്ളിയതിനാൽ ഇനി ഇതേ ആരോപണങ്ങളിൽ വീണ്ടും കേസ് ഫയൽ ചെയ്യാനാകില്ല. സാക്ഷിവിസ്താരമോ തെളിവുകളുടെ വിചാരണയോ നടക്കാതെയാണ് നിയമനടപടികൾ അവസാനിച്ചത്.
‘സത്യത്തിലും നീതിയിലും വിശ്വാസം കാത്തുസൂക്ഷിച്ചു’; അദാനി
കേസ് തള്ളിയതിന് പിന്നാലെ സത്യത്തിലും നീതിയിലുമുള്ള വിശ്വാസം കാത്തുസൂക്ഷിച്ചുവെന്ന് ഗൗതം അദാനി പ്രതികരിച്ചു. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലുടനീളം സത്യം, നിഷ്പക്ഷത, നിയമവാഴ്ച എന്നിവയിൽ ഉറച്ച വിശ്വാസം പുലർത്തിയെന്നും തങ്ങളിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമർപ്പിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
രാജ്യത്തിനുവേണ്ടി മുന്നേറാനും തങ്ങൾ സൃഷ്ടിച്ച മൂല്യം സംരക്ഷിക്കാനും തുടർന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി.


