പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം മറ്റൊരു കലുഷിതമായ ദിനത്തിലേക്ക് കടക്കുകയാണ്. സഭാനടപടികൾ കൃത്യമായി നടത്താൻ പോലും സാധിക്കാത്ത തരത്തിൽ ഭരണ-പ്രതിപക്ഷ ചേരികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം രൂക്ഷമായിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ച്ചയായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക പ്രതികരണത്തിനും മറുപടിക്കുമായി പ്രതിപക്ഷം ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ഇന്നും പാർലമെൻ്റ് അടിയന്തര നിർത്തിവെക്കലുകളിലേക്കും മുദ്രാവാക്യം വിളികളിലേക്കും നീങ്ങിയിരിക്കുകയാണ്. പിന്നാലെ രാവിലത്തെ പാർലമെന്റ് നടപടികൾ ഉച്ച വരെ നിർത്തി വെക്കേണ്ടിയും വന്നിരിക്കുകയാണ്.
വർഷകാല സമ്മേളനം ആരംഭിച്ച് ഇന്നേക്ക് 17-ാം ദിവസം ആയിട്ടും ഇതുവരെ അമിത് ഷാ സഭയിലെത്തിയിട്ടില്ല. രാജ്യത്തെ ജനങ്ങളേയും പ്രതിപക്ഷത്തേയും അഭിമുഖീകരിക്കാൻ പോലും ധൈര്യമില്ലേ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിക്ക് എന്നാണ് ഉയരുന്ന വലിയ വിമർശനം. നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളുടെ നിലപാട് സഭാ നടപടികളെ പൂർണ്ണമായും സ്തംഭിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചു. എല്ലാ ദിവസവും ഇങ്ങനെ നിർത്തിവെക്കേണ്ടി വന്നാൽ എന്തുചെയ്യും എന്നാണ് സ്പീക്കർ ചോദിക്കുന്നത്. പ്രധാനമന്ത്രി മാപ്പ് പറയണം, അയോധ്യ സംഭാവനക്കൊള്ളയിൽ അടിയന്തര ചർച്ച വേണം എന്നീ ആവശ്യങ്ങളിലും കടുത്ത നിലപാട് തന്നെയാണ് പ്രതിപക്ഷത്തിന്റേത്. അയോധ്യ സംഭാവനക്കൊള്ളയിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെന്റിനു മുന്നിലും പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി.
കടുത്ത പ്രതിപക്ഷ ബഹളങ്ങളും സമ്മർദ്ദവും കനത്തതിന് പിന്നാലെ മറ്റ് വഴിയില്ലാതെയാണ് അമിത് ഷാ മറുപടി നൽകാൻ തയ്യാറാണെന്ന് പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എങ്കിലും മന്ത്രി എപ്പോൾ സഭയിലെത്തുമെന്നതിൽ ഭരണപക്ഷം ഇപ്പോഴും ഒളിച്ചുകളി തുടരുകയാണ്. പക്ഷേ ഒരു ഡിമാൻഡ് ഉണ്ട്, അമിത് ഷാ സംസാരിക്കുന്ന സമയത്ത് പ്രതിപക്ഷം ബഹളം ഉണ്ടാക്കുകയോ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യരുത്. അമിത് ഷാ മറുപടി പറഞ്ഞ് കഴിഞ്ഞതിന് ശേഷം വിശദമായ ചർച്ചയാകാം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. “അമിത് ഷാ എന്ന പേര് കേട്ടാൽ ഭീകരരും തീവ്രവാദികളും വിറയ്ക്കും, അദ്ദേഹം മറുപടി പറഞ്ഞ് തുടങ്ങിയാൽ പ്രതിപക്ഷം അത് താങ്ങില്ല എന്നൊക്കെ രണ്ട് ദിവസം മുമ്പ് കിരൺ റിജിജു തന്നെ മാസ് ഡയലോഗുകൾ അടിച്ചതാണ്. അങ്ങനെ ഭീകരന്മാർ പോലും പേടിക്കുന്ന ഒരാൾക്ക് രാജ്യത്തിന്റെ പാർലമെന്റിൽ വന്ന് ഉത്തരം പറയാൻ എന്താണ് ഇത്ര ബുദ്ധിമുട്ട് എന്ന് പ്രതിപക്ഷത്തിനൊപ്പം ജനങ്ങളും ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അതോ ഇതിനൊന്നും മറുപടി ജനങ്ങൾ അർഹിക്കുന്നില്ല എന്ന ദാർഷ്ട്യമോ?
വിദ്യാർഥികൾക്ക് എതിരായ പൊലീസ് അതിക്രമത്തിലും അയോധ്യ രാമക്ഷേത്ര നിർമാണത്തിലെ വൻ കൊള്ളയിലും മറുപടി പറയാനാകാതെ കേന്ദ്ര സർക്കാർ പാർലമെന്റിൽ വൻ പ്രതിരോധത്തിലാണ് കുറച്ച് ദിവസങ്ങളിലായി. സഭാ സമ്മേളനം മറ്റന്നാൾ അവസാനിക്കാനിരിക്കെ, ശക്തമായ പ്രതിഷേധത്തിലൂടെ ഭരണപക്ഷത്തിന്റെ കപട നിലപാടുകളെ പ്രതിപക്ഷം തുറന്നുകാട്ടുകയാണ്. വിദ്യാർഥികൾക്ക് എതിരായ അതിക്രമങ്ങൾക്ക് പുറമേ അയോധ്യ രാമക്ഷേത്ര കൊള്ളയും അടിയന്തരമായി ചർച്ച ചെയ്യണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നുണ്ട്. ഇന്നും അമിത് ഷാ വരുമോ എന്ന കാര്യത്തിലും വ്യക്തതയൊന്നുമില്ല. പാർലമെന്റിന് തൊട്ടടുത്തുള്ള തന്റെ ഓഫീസിൽ വരെ വന്നിട്ടും പാർലമെന്റിലേക്ക് വരാത്തതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.
അമിത് ഷാ സംസാരിക്കുമ്പോൾ ആരും മിണ്ടരുതെന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാടിനോട് രൂക്ഷമായ ഭാഷയിലാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. അമിത് ഷായുടെ പൊതുവായ പ്രസ്താവനകളിൽ തങ്ങൾക്ക് താല്പര്യമില്ലെന്നും, പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതും ആണികൾ തറച്ച ലാത്തികൾ കൊണ്ട് വിദ്യാർഥികളെ മർദ്ദിച്ചതും ആരുടെ നിർദേശപ്രകാരമാണെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ആവർത്തിക്കുന്നു. ഇത് അമിത് ഷാ നൽകിയ നിർദേശമാണെങ്കിൽ അദ്ദേഹം കുറ്റക്കാരനാണെന്നും, അദ്ദേഹത്തിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെങ്കിൽ അദ്ദേഹം കഴിവുകെട്ടവനാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഇതോടെ മറുവാദവുമായി ബിജെപിയും ഇറങ്ങി. രാഹുലിന് ചർച്ചകളിൽ താൽപര്യമില്ലെന്നും കലാപമുണ്ടാക്കാനാണ് ശ്രമമെന്നും വരുത്തിതീർക്കാനാണ് പുതിയ ശ്രമം. ജന്തർ മന്തറിൽ അങ്ങനെയൊരു വെടിവെയ്പ്പേ നടന്നിട്ടില്ലെന്നും രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുടെ അഭിപ്രായം. പാർലമെന്റിലെ ചർച്ചകളിൽ നിന്നും ഒളിച്ചോടാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. എങ്കിൽ പോലും നിലവിലെ അവസ്ഥയിൽ ഭരണപക്ഷം തന്നെയാണ് കൂടുതൽ പ്രതിരോധത്തിലെന്ന് വ്യക്തം.
കഴിഞ്ഞ ജൂലൈ 20-ന് ഡൽഹിയിൽ പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജും ക്രൂരമായ നടപടികളുമാണ് പാർലമെൻ്റിലെ പ്രതിഷേധത്തിന് കാരണം. വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് ഉത്തരവിട്ടത് ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ രാജി വേണമെന്നുമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റുന്ന ബിൽ ഇന്നലെ ലോക്സഭയിൽ അമിത് ഷാ അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രിയുടെ അസാന്നിധ്യത്തിൽ സഹമന്ത്രിയാണ് ബിൽ സഭയിൽ വച്ചത്. ബിൽ ഇന്നത്തെ ലോക്സഭാ അജണ്ടയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അമിത് ഷാ ഇങ്ങനെ മാറി നിൽക്കുന്ന പക്ഷം ഇത്തരം ബില്ലുകളുടെ ഭാവിയും ചോദ്യചിഹ്നമാണ്. വർഷകാല സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്സം ഈ സംഭവവികാസങ്ങൾ. ചോദ്യോത്തര വേളകൾ കൃത്യമായി നടത്തുന്നതിനും പ്രധാന ബില്ലുകളിന്മേലുള്ള ചർച്ചകൾക്കും പ്രതിപക്ഷ പാർട്ടികൾ സഹകരിക്കണമെന്ന് സ്പീക്കർ ഓം ബിർള അഭ്യർഥിക്കുന്നുണ്ട്.
അതേസമയം, ജന്തർ മന്തർ പ്രക്ഷോഭത്തിന് പുറമെ അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭണ്ടാരക്കൊള്ളയേയും FCRA ബില്ലിനെ കുറിച്ചും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. FCRA ബിൽ ജെ.പി.സിക്കു വിടാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി. പൂർണമായി പിൻവലിക്കണം എന്നാണ് കോൺഗ്രസ് ആവശ്യം. ഈ വർഷകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് തന്നെ ബിൽ സഭയിൽ കൊണ്ടുവരാൻ സർക്കാർ നീക്കം കേന്ദ്രം നടത്തുന്നതായാണ് സൂചന. എന്നാൽ ബില്ല് അവതരിപ്പിക്കുന്ന കൃത്യമായ സമയം സർക്കാർ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നതിന് പിന്നിലെ ഗൂഢലക്ഷ്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഇനിയുള്ള ഏറ്റവും ശ്രദ്ധേയമായ ചോദ്യം, എങ്ങനെയായിരിക്കും അമിത് ഷായുടെ മറുപടിയെന്നതാണ്. ഇന്നോ നാളേയോ ആയിട്ട് അമിത് ഷാ സഭയിൽ നടത്തുന്ന മറുപടി പ്രസംഗം അതീവ നിർണായകമാണ്. ഭരണപക്ഷത്തിൻ്റെ നയങ്ങളും നിലപാടുകളും കൃത്യമായി വ്യക്തമാക്കുന്നതിനൊപ്പം പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കുന്ന രീതിയിലുള്ള തിരിച്ചടികൾക്കായിരിക്കും സഭ സാക്ഷ്യം വഹിക്കുക. സഭയ്ക്കകത്തും പുറത്തും കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന ഈ വേളയിൽ, അമിത് ഷാ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നു. സഭ സുഗമമായി നടത്തിക്കൊണ്ടുപോകാൻ സ്പീക്കറുടെ നേതൃത്വത്തിൽ അനുരഞ്ജന ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ പാർലമെൻ്റ് വളപ്പ് അടുത്ത മൂന്ന് ദിവസവും ചൂടേറിയതായിരിക്കും എന്ന് ഉറപ്പാണ്.


