തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ആനയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ഓടിയ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ തോളെല്ലിന് പൊട്ടലുണ്ട്.
പുലർച്ചെ ആറുമണിയോടെയാണ് സംഭവം. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചി, വാച്ചർമാരായ നടരാജൻ, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. മണികണ്ഠന്റെ തോളെല്ലിനാണ് പൊട്ടലേറ്റത്.
പ്രദേശത്തെ സൗരോർജ വൈദ്യുതി വേലി തകർത്ത് കാട്ടാന എത്തിയെന്ന വിവരത്തെ തുടർന്നാണ് രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് റോഡിലൂടെ പാഞ്ഞെത്തിയ കാട്ടാന ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു.
ആനയിൽ നിന്ന് രക്ഷപ്പെടാൻ ഉദ്യോഗസ്ഥർ ഓടുന്നതിനിടെയാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




