തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി കെ. മുരളീധരന് കത്ത് നൽകി ദേവസ്വം മന്ത്രി. ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസിന്റെ പ്രത്യേക സംഘം നിലവിൽ അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെ വിജിലൻസ് അന്വേഷണത്തിൽ ഉൾപ്പെടാത്ത വിഷയങ്ങൾ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പരിശോധിക്കണമെന്നാണ് ദേവസ്വം മന്ത്രിയുടെ ആവശ്യം.
ദേവസ്വം വിജിലൻസ് എസ്.പിയും സെക്രട്ടറിയും നടത്തിയ പരിശോധനയിൽ ഗുരുതരവും ഞെട്ടിക്കുന്നതുമായ ക്രമക്കേടുകൾ കണ്ടെത്തിയതായി മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിക്ക് കരാർ ലഭിച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നും മന്ത്രി സംശയം പ്രകടിപ്പിച്ചു.
ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന നിലവിലെ വിജിലൻസ് അന്വേഷണത്തിന് പുറമെ, അന്വേഷണ പരിധിയിൽപ്പെടാത്ത വിഷയങ്ങൾ കൂടി പരിശോധിച്ച് യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ് ആഭ്യന്തര മന്ത്രിയോടുള്ള ദേവസ്വം മന്ത്രിയുടെ ആവശ്യം.




