കാസർകോട്: ബിജെപി കാസർകോട് ജില്ലാ ഓഫീസിൽ ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന ആരോപണം. ഓഫീസിന്റെ ഒരു ഭാഗത്ത് ദേശീയപതാകകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരംഗ യാത്ര കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. യാത്രയ്ക്ക് ശേഷം ജില്ലാ ഓഫീസിലേക്ക് എത്തിച്ച ദേശീയപതാകകളാണ് അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതെന്നാണ് ആരോപണം.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ദേശീയപതാകയോട് അനാദരവ് കാട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകിയതായും അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.


