തലശ്ശേരി: തലശ്ശേരിയിലെ ബി.ജെ.പി നേതാവിന്റെ ആത്മഹത്യക്ക് കാരണം എറണാകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിന്റെ വിശ്വാസവഞ്ചനയും ചതിയുമാണെന്ന് സൂചന. എരഞ്ഞോളി പഞ്ചായത്ത് ബി.ജെ.പി മുൻ പ്രസിഡൻറായിരുന്ന പെരുന്താറ്റിലെ തിരുവാതിരയിൽ രതീശൻ (59) ആണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ് ദർശനെ (35) പെലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ മൂന്നിന് പുലർച്ചെയാണ് രതീശനെ തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് കോഫി ഹൗസിന് മുകളിലുള്ള സ്വന്തം ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രധാനമന്ത്രി ആവാസ് യോജന ഉൾപെടെയുള്ള സേവന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഹരജികൾ തയ്യാറാക്കി നൽകുന്നതായിരുന്നു ഓഫിസ്. രതീശന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ വിശ്വാസവഞ്ചനയെ പറ്റി സൂചനകൾ പുറത്തുവന്നത്.




