മലപ്പുറം: മകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിലെ കുഴിയിൽപ്പെട്ട് തെന്നിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡിൽ കോട്ടുവാലക്കാട് സ്വദേശി കുന്നത്തേരി മുസ്തഫ (60) ആണ് മരിച്ചത്. ചെമ്മാട് ടൗണിലെ സി.ഐ.ടി.യു യൂണിയൻ ചുമട്ടുതൊഴിലാളിയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെമ്മാട്–കക്കാട് റോഡിലെ ചന്തപ്പടിയിലാണ് അപകടം. കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിന് റോഡിൽ എടുത്ത കുഴി മൂടാതെ കിടന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
കുഴിയിൽ തെന്നിയതിനെ തുടർന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുസ്തഫയും മകൻ ഷുഹൈബും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുസ്തഫയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ച ശേഷം പൂർവസ്ഥിതിയിലാക്കാത്തത് മേഖലയിൽ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. അധികൃതരുടെ അനാസ്ഥയാണ് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന ആരോപണവുമായി കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.













