തൃശ്ശൂർ: കുന്നംകുളം അക്കിക്കാവ്–പന്നിത്തടം ബൈപാസിന് സമീപത്തെ നിർമ്മാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. പെരുമ്പാവൂർ മരംപള്ളി സ്വദേശി ശ്രീക്കുട്ടൻ (29) ആണ് അറസ്റ്റിലായത്. ജൂലൈ 30ന് വൈകിട്ട് 5.30നും ജൂലൈ 31ന് രാവിലെ 8.30നും ഇടയിലാണ് മോഷണം നടന്നത്. വിനീത് എം എന്നയാളുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ സ്ഥലത്താണ് മോഷണം നടന്നത്.
രണ്ടാം നിലയുടെ വാർപ്പ് പൂർത്തിയാക്കിയ ശേഷം താഴെ സൂക്ഷിച്ചിരുന്ന 85 ജാക്കികൾ, 81 ഇരുമ്പ് പൈപ്പുകൾ, 10 ഇരുമ്പ് ഷീറ്റുകൾ, മൂന്ന് സ്പാനുകൾ, ഒരു സോളാർ ക്യാമറ എന്നിവയാണ് മോഷണം പോയത്. ഏകദേശം 3.65 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ ശരത്ത് സോമൻ, കെ. ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


