വെജിറ്റേറിയൻസിന്റെ ഒരു പ്രിയ ഭക്ഷണമാണ് പനീർ. പ്രോട്ടീൻ, കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്സ് തുടങ്ങി നിരവധി പോഷകങ്ങൾ പനീറിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ നമ്മൾ ആസ്വദിച്ചു കഴിക്കുന്ന പനീർ ശുദ്ധമാണോ? വിപണിയിൽ ഇപ്പോൾ വ്യാപകമായിരിക്കുന്നത് അനലോഗ് പനീർ അഥവാ സിന്തറ്റിക് പനീർ എന്ന വ്യാജനാണ്. വില കുറവിൽ ലഭിക്കുന്ന ഇവ കാഴ്ചയിൽ പനീർ പോലെ തന്നെയാണ്. എന്നാൽ ഗുണങ്ങളുണ്ടാവില്ല. അനലോഗ് പനീർ യഥാർഥ പനീറിനെ അപേക്ഷിച്ച് കൂടുതൽ കാലം കേടുകൂടാതെയിരിക്കും.
ചില കച്ചവടക്കാരും ഹോട്ടലുകളും റസ്റ്ററന്‍റുകളുമൊക്കെ യഥാര്‍ഥ പനീര്‍ എന്ന പേരില്‍ അനലോഗ് പനീര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. അടുത്തിടെ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ അനലോഗ് പനീര്‍ നിരോധിച്ചതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ച സജീവമായത്. യഥാര്‍ഥ പനീര്‍ പാലില്‍ നിന്നാണ് ഉണ്ടാക്കുന്നതെങ്കില്‍ അനലോഗ് പനീറിന്റെ അടുത്ത് പോലും പാൽ ഉണ്ടാകില്ല. പാം ഓയില്‍ പോലുള്ള സസ്യ എണ്ണ, കൊഴുപ്പുകള്‍, കുഴമ്പുരൂപത്തില്‍ ആക്കാന്‍ സഹായിക്കുന്ന കെമിക്കലുകള്‍, പാല്‍പ്പൊടി എന്നിവയെല്ലാം ചേര്‍ത്താണ് നിർമ്മാണം.
വിരലുകൾ കൊണ്ട് പനീർ അമർത്തി നോക്കുക. യഥാർഥ പനീർ ആണെങ്കിൽ അത് മുറിഞ്ഞു പോകും. അനലോഗ് പനീർ ആണെങ്കിൽ റബർ പോലെയോ സ്പോഞ്ച് പോലെയോ വലിയും. ഈ രണ്ട് പനീറിനെയും തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പവഴിയാണിത്. യഥാര്‍ഥ പനീറിന് നേരിയ പാലിന്‍റെ ഗന്ധമാണെങ്കില്‍ അനലോഗ് പനീറിന് കെമിക്കലിന്‍റെയോ പ്ലാസ്റ്റിക്കിന്‍റെയോ ഗന്ധമാണ്. യഥാര്‍ഥ പനീറിനേക്കാള്‍ തിളക്കമുണ്ടാകും അനലോഗ് പനീറിന്. തീയില്‍ നേരിട്ട് കാണിച്ചോ പാനില്‍ വച്ച് ചൂടാക്കിയോ യഥാര്‍ഥ പനീര്‍ തിരിച്ചറിയാം. ചൂടാവുമ്പോള്‍ യഥാര്‍ഥ പനീര്‍ കൂടുതല്‍ മൃദുവാവുകയും പാലിന്‍റെ ഗന്ധം വരികയും ചെയ്യും. അനലോഗ് പനീര്‍ ആണെങ്കിലും ഉരുകും. എണ്ണ കിനിഞ്ഞിറങ്ങും. ചിലപ്പോള്‍ തീപിടിക്കുകയും ചെയ്യും.




