കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള (70) ആണ് മരിച്ചത്.
അയൽവാസിയായ ഷാജഹാനും മനോഹരൻ പിള്ളയും തമ്മിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വഴിയെച്ചൊല്ലി തർക്കമുണ്ടായത്. വാക്കേറ്റത്തിനിടെ മനോഹരൻ പിള്ള ഷാജഹാന്റെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ ഉച്ചയോടെ മനോഹരൻ പിള്ളയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സരസ്വതിയാണ് മനോഹരൻ പിള്ളയുടെ ഭാര്യ. ശ്രീജീഷും പരേതയായ മനോഷയും മക്കളാണ്. രഹ്നയാണ് മരുമകൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)













