തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാവിലെ 11.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് തീരദേശ മേഖലയിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. ഉയർന്ന തിരമാലയുള്ള സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും തിരിച്ചെടുക്കുന്നതും അപകടകരമായതിനാൽ ഇരു നടപടികളും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും വേണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
ബീച്ചുകളിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.











