AICC ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതും തുടര്‍ന്നുണ്ടായ ഉന്നത നേതാക്കളുടെ പ്രതികരണവും കോൺഗ്രസിനെ ദേശിയ തലത്തിൽ തന്നെ വെട്ടിലാക്കിയിരിക്കുന്ന അവസ്ഥയാണുള്ളത്. ഈ സംഭവം അതിന്റെ ലൈവ് വീഡിയോ സഹിതം പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് നടത്തിയ വിചിത്രമായ പ്രതിരോധ വിശദീകരണവും നല്ല രീതിയിൽ പരിഹാസത്തിന് കാരണമാകുന്നുണ്ട്. സോണിയാ ഗാന്ധി വന്ദേമാതരം തടസ്സപ്പെടുത്തിയിട്ടില്ലെന്നും, ഇരിക്കാന്‍ കസേര കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് കൈകാട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. വന്ദേഭാരതം തടസ്സപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിചിത്രമെന്ന് തോന്നാവുന്ന ഈ വിശദീകരണം ശ്രദ്ധേയമാകുന്നത്.
കൂടാതെ, AICC ആസ്ഥാനത്ത് പാടിയത് പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും പുറത്തു നിന്നെത്തിയ ഗായകസംഘമാണെന്നും, അവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്കാന് കഴിയാത്തതാണ് ഗാനം മുഴുവന്‍ പാടാന്‍ ഇടയാക്കിയതെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. സോണിയ തടസ്സപ്പെടുത്തിയില്ലെന്ന വാദം വലിയ ചര്‍ച്ചയായിട്ടുണ്ട്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരും പുറത്തുവന്ന ദൃശ്യങ്ങളും ഈ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്. ഒരുപക്ഷേ സോണിയ അടക്കമുള്ളവരെ നിയമനടപടികളിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയാകാം ഇങ്ങനെയൊരു വിശദീകരണം നൽകേണ്ടി വന്നത്.
എന്തായാലും വന്ദേമാതരം വിഷയം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കടുത്ത ആശയക്കുഴപ്പങ്ങള്‍ക്കും ഭിന്നതകള്‍ക്കും വഴിവെച്ചു കഴിഞ്ഞു. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയപ്പോള്‍, കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണ്ണാടകയിലും ഹിമാചല്‍ പ്രദേശിലും കേന്ദ്ര നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ഗാനം മുഴുവനായി ആലപിച്ചു. എന്നാല്‍ യു.ഡി.എഫ് ഭരിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പങ്കെടുത്ത ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം ഒരു വരിപോലും പാടിയില്ല എന്നതും ഏതെങ്കിലും ഒരു നിലപാടിൽ ഉറച്ച് നിൽക്കാനാവാത്ത വിധം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഡല്‍ഹി കോട്ല മാര്‍ഗിലെ പുതിയ AICC ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. സാധാരണയായി 1937 മുതല്‍ കോണ്‍ഗ്രസ് പിന്തുടരുന്ന പ്രഖ്യാപിത നയമനുസരിച്ച് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമാണ് പാടാറുള്ളത്. എന്നാല്‍ ഇത്തവണ രണ്ട് ചരണങ്ങള്‍ കഴിഞ്ഞിട്ടും ഗായകര്‍ നിര്‍ത്തിയില്ല. ഇതോടെ സോണിയാ ഗാന്ധിയുടെ മുഖഭാവം മാറുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്നതും നിർത്താൻ ആംഗ്യം കാണിക്കുന്നതുമെല്ലാം വ്യക്തമായി കാണാം. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്ഗെയവും ഇടയില്‍ക്കയറി ഇടപെടാനും പാട്ട് നിര്‍ത്താന്‍ ആംഗ്യം കാണിക്കാനും ശ്രമിച്ചെങ്കിലും ഗായകര്‍ വന്ദേമാതരം മുഴുവനായി പാടിത്തീര്‍ക്കുകയായിരുന്നു. പാര്‍ലമെന്റില്‍ വന്ദേമാതരം ബില്‍ വന്നപ്പോള്‍, അത് രാജ്യത്ത് കൂടുതല്‍ വിഭജനം സൃഷ്ടിക്കുമെന്ന് ആരോപിച്ച് ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
പുറത്തുവന്ന തത്സമയ ദൃശ്യങ്ങളില്‍ സോണിയാ ഗാന്ധിയുടെ കൈകാട്ടല്‍ കസേര ആവശ്യപ്പെടലല്ല, മറിച്ച് ഗാനം നിര്‍ത്തിക്കാനുള്ള കടുത്ത നിര്‍ദ്ദേശമായിരുന്നു എന്ന് വ്യക്തമാണ്. രണ്ട് ചരണങ്ങള്‍ക്ക് ശേഷവും പാട്ട് തുടര്‍ന്നതോടെ സോണിയാ ഗാന്ധി ‘സ്റ്റോപ്പ്’ എന്ന് വ്യക്തമായി പറയുന്നതും, ആലാപനം തടസ്സപ്പെടുത്താന്‍ കൈകള്‍ ഉയര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഖാര്‍ഗെയോട് ഇതേക്കുറിച്ച് ചോദിക്കുകയും, പിറകില്‍ നില്ക്കുന്നവരോട് പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടയില്‍ മറുവശത്ത് അണിനിരന്ന രാഹുല്‍ ഗാന്ധി നെറ്റി ചുളിച്ച് കടുത്ത അതൃപ്തിയോടെ ഈ രംഗം നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഖാര്‍ഗെ സോണിയയെ സംസാരിച്ച് അനുനയിപ്പിക്കുന്നതാണ് കാണാനായത്. വിവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ പാട്ടുകാരെയാണ് കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. എ.ഐ.സി.സി തരംതിരിച്ച് വരുത്തിയ ഗായകസംഘത്തിന് രണ്ട് ഖണ്ഡങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന നിര്‍ദ്ദേശം കൃത്യമായി നല്കാന് കഴിഞ്ഞില്ലെന്നാണ് കോണ്‍ഗ്രസ് ന്യായീകരിക്കുന്നത്. എന്നാല്‍ സ്വന്തം കേന്ദ്ര ഓഫീസിലെ സ്വാതന്ത്ര്യദിന ചടങ്ങില്‍പ്പോലും ഏകോപനമില്ലാതെ പോയത് വലിയ ജാഗ്രതക്കുറവായാണ് വിലയിരുത്തപ്പെടുന്നത്. ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകള്‍ ബഹിഷ്കരിച്ച് എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയപ്പോഴാണ് നേതാക്കള്‍ക്ക് ഈ പ്രതിസന്ധി നേരിട്ടത്.
വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലുകള്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് അതിനെ ശക്തമായി എതിര്‍ത്തിരുന്നു. ദേശഭക്തി ശിക്ഷ നല്കി നടപ്പാക്കേണ്ട ഒന്നല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. കൂടാതെ കേരളത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പങ്കെടുത്ത ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം ഒരു വരിപോലും ആലപിക്കാതിരുന്ന പശ്ചാത്തലത്തില്‍, സ്വന്തം പാര്‍ട്ടി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായും പാടിയതും അത് തടയാന്‍ സോണിയയും ഖാര്‍ഗയും ശ്രമിച്ചതും പാര്‍ട്ടിയെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സോണിയാ ഗാന്ധിയുടെ കൈകാട്ടല്‍ കസേര ചോദിക്കലായിരുന്നു എന്ന കോണ്‍ഗ്രസിന്റെ വിചിത്ര വാദം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വന്‍ പരിഹാസത്തിനാണ് വഴിവെച്ചിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ വിഭജനം സൃഷ്ടിക്കാനാണ് വന്ദേമാതരം പൂര്‍ണ്ണമായി അടിച്ചേല്‍പ്പിക്കുന്നതെന്ന് ആരോപിച്ചിരുന്ന കോണ്‍ഗ്രസ്, സ്വന്തം ആസ്ഥാനത്തുണ്ടായ ഈ പാളിച്ചയെ മറച്ചുപിടിക്കാന്‍ നടത്തുന്ന തത്രപ്പാടുകള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാവുകയാണ്.
പാർട്ടിയ്ക്ക് തലവേദന നൽകുന്ന മറ്റൊരു വിഷയം ഇക്കാര്യത്തിൽ വികേന്ദ്രീകൃതമായ ഒരു തീരുമാനം ഇല്ല എന്നതാണ്. കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും കര്‍ണ്ണാടകയിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കപ്പെട്ടു. ഷിംലയില്‍ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഗാനം പൂര്‍ണ്ണമായും ആലപിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ദേശീയ ഐക്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഔദ്യോഗിക പ്രോട്ടോക്കോള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹിമാചല്‍ സര്‍ക്കാരിന്റെ വിശദീകരണം.
കര്‍ണ്ണാടകയിലെയും ഹിമാചലിലെയും നിലപാടുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് യു.ഡി.എഫ് ഭരിക്കുന്ന കേരളത്തില്‍ കണ്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പതാക ഉയര്‍ത്തിയപ്പോള്‍ ദേശീയഗാനം മാത്രമാണ് ആലപിച്ചത്. പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ സര്‍ക്കുലര്‍ പ്രകാരം വന്ദേമാതരം ചടങ്ങിന്റെ ഭാഗമാക്കിയിരുന്നില്ല. വന്ദേമാതരം ഒരു വരിപോലും ആലപിക്കാതെ ചടങ്ങ് പൂര്‍ത്തിയാക്കുകയായിരുന്നു. അതോടെ, പാടണോ, പാടണ്ടേ, ഇതിൽ ഏതാണ് പാർട്ടിയുടെ പൊതുവായ നിലപാട് എന്ന ചോദ്യത്തിൽ ഉത്തരം നൽകാനാവാതെ നേതൃത്വം വിയർക്കുന്ന കാഴ്ച്ചയും കാണാനായി. എന്തായാലും കേരളത്തിലെ സംഭവം നിയമപരമായി തന്നെ നേരിടാനാണ് ബിജെപിയുടെ തീരുമാനം.
നേരത്തെ, കേന്ദ്ര നിര്‍ദ്ദേശപ്രകാരം വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായിരുന്നു. എന്നാല്‍, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കത്ത് താഴേക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക നയമുണ്ടെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമാക്കിയത്.
എന്തായാലും ദേശീയ തലത്തിൽ ബിജെപിക്കും സംസ്ഥാനത്ത് സിപിഎമ്മിനും വീണു കിട്ടിയ വടിയാണ് ഈ വിഷയം. അല്ലെങ്കിൽ കോൺഗ്രസ് ഇട്ടുകൊടുത്തു എന്നും വേണമെങ്കിൽ പറയാം. കോൺഗ്രസിനെ എല്ലാകാലത്തും വേട്ടയാടിക്കൊണ്ടിരിക്കുന്നത് പ്രത്യയശാസ്ത്ര ശൂന്യതയാണെന്നും എഐസിസി ആസ്ഥാനത്ത് നടന്ന കാര്യങ്ങൾ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും പറഞ്ഞ എഎ റഹീം എംപി, കോൺഗ്രസ് ഇപ്പോൾ ഗാന്ധിജിയെയും നെഹ്റുവിനെയും മറന്ന് സവർക്കറിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും പരിഹസിക്കുകയാണ്. കേരളത്തിൽ ഇത് നടക്കാതെ പോയത് ഇടത് പക്ഷത്തിന്റെ കനത്ത പ്രതിഷേധം ഭയന്നിട്ട് മാത്രമാണെന്നാണ് സിപിഎമ്മിന്റെ വാദം.
ദേശീയ തലത്തില്‍ ബി.ജെ.പിയുടെ തീവ്രദേശീയതയ്ക്കെതിരെ ആയുധമാക്കാന്‍ ശ്രമിച്ച വന്ദേമാതരം വിഷയം, ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഐക്യത്തെ ചോദ്യം ചെയ്യുന്ന രീതിയിലേക്കും മുന്നണി ബന്ധങ്ങളിലെ അഭിപ്രായ ഭിന്നതകൾ പരസ്യമാക്കുന്ന തലത്തിലേക്കും മാറിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ഈ വിഷയം ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങൾ സൃഷ്ടിക്കും ഉറപ്പാണ്. ഈ വിഷയത്തിൽ ബിജെപി നിയമനടപടികളിലേക്ക് കടന്നാൽ വന്ദേമാതരം വിവാദം ദേശിയ-സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പോര്‍മുഖങ്ങള്‍ തുറുക്കുമെന്നുറപ്പ്.


