ന്യൂഡൽഹി: കേരളത്തിൽ കേസുകൾ എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കുന്നത് നരേന്ദ്രമോദിയും ബിജെപിയുമാണെന്ന വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ. കാഞ്ഞങ്ങാട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത സംഭവത്തിലാണ് വിജിന്റെ പ്രതികരണം.
ബിജെപി-കോൺഗ്രസ് ധാരണയാണ് സംഭവങ്ങളിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് എം. വിജിൻ ആരോപിച്ചു. യുവമോർച്ച പ്രവർത്തകർക്കെതിരായ കേസുകളിൽ പൊലീസ് മൃദുസമീപനം സ്വീകരിച്ചെന്നും, സ്റ്റേഷനിലെത്തി ഒപ്പിട്ട് പോകാൻ ആവശ്യപ്പെട്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്താലും അവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിട്ടയക്കുന്ന സമീപനമാണ് പൊലീസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും വീടുകയറി അറസ്റ്റ് നടത്തുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വിജിൻ ആരോപിച്ചു. കേസുകൾ എടുത്താലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒ. ജെ. ജനീഷിനെതിരായ ‘വാഴ’ പ്രതിഷേധം മന്ത്രിയുടെ നിലപാടില്ലായ്മ തുറന്നുകാട്ടുന്നതിനായിരുന്നുവെന്നും വിജിൻ പറഞ്ഞു. അമിത് ഷാക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ച സംഭവം മന്ത്രിയുടെ രാഷ്ട്രീയ നിലപാടില്ലായ്മ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
കെ. എം. ഷാജിയെ വഴിയിൽ തടഞ്ഞ യുവമോർച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട ഷാജിയുടെ പ്രതികരണവും അപകടകരമാണെന്ന് വിജിൻ പറഞ്ഞു. ബിജെപിയോട് മൃദുസമീപനവും ഡിവൈഎഫ്‌ഐയോട് കടുത്ത നിലപാടുമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുവമോർച്ച പ്രതിഷേധിച്ചാൽ ‘ആഹാ’, ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചാൽ ‘ഓഹോ’ എന്ന സമീപനമാണ് സർക്കാരിനും മന്ത്രിമാർക്കുമെന്ന വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും രംഗത്തെത്തി. ബിജെപിയോട് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന മൃദുസമീപനം വ്യക്തമാണെന്നും അവർ ആരോപിച്ചു.
മന്ത്രിക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായതും മോട്ടോർസൈക്കിളിൽ യാത്ര ചെയ്യേണ്ടിവന്നതും ഗൗരവമുള്ള വിഷയമാണെന്ന് ചിന്ത പറഞ്ഞു. ക്യാബിനറ്റ് മന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബിജെപിക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും ചിന്ത ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ പിന്നീട് ബിജെപിയിലേക്ക് മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ കേരളത്തിലും ആവർത്തിക്കാനാണോ നീക്കമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.
കാസർകോട് സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കർശന നിയമനടപടിയും ബിജെപി പ്രവർത്തകർക്ക് ജാമ്യവും ലഭിച്ചുവെന്ന വിമർശനവും ചിന്ത ഉന്നയിച്ചു. ബിജെപിയുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധമാണ് സർക്കാരിന്റെ മൃദുസമീപനത്തിന് കാരണമാകുന്നതോയെന്നും അവർ ചോദിച്ചു.




