പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളുടെ വീടുകളിൽ കയറി ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് ശനിയാഴ്ച വൈകീട്ട് പൊലീസ് പിടികൂടിയത്.
ഓഗസ്റ്റ് എട്ടിനാണ് ഒറ്റയ്ക്ക് താമസിക്കുന്ന രണ്ട് സ്ത്രീകളുടെ വീടുകളിൽ ഇയാൾ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയത്. സ്ത്രീകൾ ബഹളം വെച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ പ്രതി ഇരുവീടുകളിൽനിന്നും ഓടി രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നാലെ സുനീഷ് എറണാകുളം ഭാഗത്ത് ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറുപ്പമ്പടിയിൽനിന്ന് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മൂന്നാഴ്ച മുമ്പാണ് തമിഴ്നാട്ടിലെ മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച ശേഷം സുനീഷ് ജയിൽമോചിതനായത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.




