കണ്ണൂർ: ബസിൽ ടിക്കറ്റ് എടുക്കാൻ ഗൂഗിൾ പേ സൗകര്യമില്ലെന്ന് അറിയിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യാത്രക്കാരൻ ബസ് കണ്ടക്ടറെ മർദിച്ചു. ആക്രമണത്തിൽ കണ്ടക്ടറുടെ മൂക്കിന് ഗുരുതരമായി പൊട്ടലേറ്റു. സംഭവത്തിൽ പാനൂർ സ്വദേശിയായ യുവാവിനെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
കൂത്തുപറമ്പ്-പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസിലാണ് സംഭവം. കൂത്തുപറമ്പിൽനിന്ന് പാനൂരിലേക്ക് പോകുന്നതിനിടെ പൂക്കോട്ടുവെച്ചാണ് തർക്കമുണ്ടായത്. ബസിൽ ഗൂഗിൾ പേ സൗകര്യമില്ലെന്ന് കണ്ടക്ടർ രാഘവൻ അറിയിച്ചതോടെ യാത്രക്കാരനായ യുവാവ് അക്രമാസക്തനാവുകയും മുഖത്തേക്ക് ഇടിക്കുകയുമായിരുന്നു.
ആക്രമണത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ രാഘവനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടക്ടറെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ബസ് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും പ്രതി ആക്രമിച്ചതായും പൊലീസ് പറഞ്ഞു.
യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


