ജയ്പൂർ: സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ജാതി വിവേചനം നടന്നതായി ആരോപണം. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിലുള്ള ഒരു സർക്കാർ സ്കൂളിൽ ആണ് സംഭവം. ദലിത് വിഭാഗത്തിൽപ്പെട്ടവരോട് കസേരകളിൽ നിന്ന് എഴുന്നേറ്റ് തറയിൽ ഇരിക്കാൻ ഒരു സംഘം ആളുകൾ ആവശ്യപ്പെട്ടതായാണ് പരാതി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ രാജസ്ഥാൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു
ഭക്ലിയ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഓഗസ്റ്റ് 15-ന് നടന്ന ചടങ്ങിലാണ് സംഭവം നടന്നത്. രാമേശ്വർലാൽ ബൈർവയും (35) ഗോപിലാൽ ബൈർവയുമാണ് (37) പോലീസിൽ പരാതി നൽകിയത്. തങ്ങൾ കസേരകളിൽ ഇരിക്കുമ്പോൾ ചിലർ വന്ന് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും താഴെ തറയിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഇവർ പറയുന്നു.. “നിങ്ങൾ ബൈർവകൾ താഴെ ഇരിക്കണം. നിങ്ങൾ കസേരയിൽ ഇരുന്നാൽ ഞങ്ങൾ എവിടെ ഇരിക്കും? ഞങ്ങളുടെ മുന്നിൽ ഇരിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?” എന്ന് ചോദിച്ചുകൊണ്ട് തങ്ങളെ അപമാനിച്ചതായി ഇവർ പരാതിയിൽ പറയുന്നു











