കോഴിക്കോട്: കൃത്യനിർവഹണത്തിനിടെ പൊലീസ് എസ്.ഐയെ ചവിട്ടിവീഴ്ത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്ത് (31) ആണ് അറസ്റ്റിലായത്. നടക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ വീട്ടിനടുത്ത് ഒരാൾ ബഹളം വയ്ക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം സ്ഥലത്തെത്തി.
കൈയിൽ പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിൽ റോഡിൽ നിന്ന് ബഹളം വയ്ക്കുകയായിരുന്നു സുജിത്ത്. പരിക്കേറ്റ ഇയാളെ വൈദ്യസഹായത്തിനായി ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ സുജിത്ത് പ്രകോപിതനാവുകയും എസ്.ഐ ഷിബുവിനെ ശക്തമായി ചവിട്ടുകയുമായിരുന്നു. ചവിട്ടേറ്റ് റോഡിൽ വീണ എസ്.ഐക്ക് കൈമുട്ട്, വയർ, കഴുത്ത് എന്നിവിടങ്ങളിൽ പരിക്കേറ്റു. തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റ് പൊലീസുകാർ ബലം പ്രയോഗിച്ച് സുജിത്തിനെ കീഴടക്കി ആംബുലൻസിൽ കയറ്റി.
പരിക്കേറ്റ എസ്.ഐയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സുജിത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.











