കോഴിക്കോട്/കൊച്ചി: സ്വർണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്ത് കേന്ദ്രങ്ങളിലായിരുന്നു പരിശോധന. സംഭവത്തിൽ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഇഡി അറിയിച്ചു.
കേരളത്തിലേക്ക് നടക്കുന്ന സ്വർണക്കടത്തും ഹവാല പണമിടപാടുകളും സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ബന്ധപ്പെട്ടവരെ നോട്ടീസ് നൽകി ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കൊയിലാണ്ടി സ്വദേശിയായ നൗഷാദിന്റെ വീട്ടിൽ നടന്ന പരിശോധന ആളുമാറിയാണെന്ന ആരോപണം തുടരുകയാണ്. വീട്ടിൽനിന്ന് കുറ്റകരമായ യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് പരിശോധനയ്ക്ക് ശേഷം ഇഡി ഉദ്യോഗസ്ഥർ നൽകിയ രേഖയും നൗഷാദ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി.
താനും കുടുംബവും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും നൗഷാദ് പറഞ്ഞു. എന്നാൽ, ആളുമാറിയാണ് പരിശോധന നടത്തിയതെന്ന ആരോപണം ഇഡി തള്ളി. കൃത്യമായ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് ഇഡിയുടെ വിശദീകരണം.


