ആലപ്പുഴ: കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കടുത്ത നിയമനടപടികളുമായി പൊലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളെയും പ്രായപൂർത്തിയായവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും. പ്രതികൾക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലാത്തതിനാൽ ബാലനീതി നിയമപ്രകാരമാണ് സാധാരണ നടപടി സ്വീകരിക്കേണ്ടത്. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവവും ക്രൂരതയും കണക്കിലെടുത്ത് നിയമപരമായ ഇളവുകൾ അനുവദിക്കരുതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
കൊല്ലത്തുനിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പ്രതികൾ കരുവാറ്റയിലെത്തിയത്. വീടിന്റെ ഷീറ്റ് പൊളിച്ച് അകത്തുകടന്ന സംഘം വയോധികനെ ആക്രമിക്കുകയായിരുന്നു. കത്തിയുപയോഗിച്ച് ശരീരത്തിൽ നിരവധി മുറിവേൽപ്പിച്ചശേഷം ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിട്ടു. തുടർന്ന് കയർ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
13 വയസ്സുകാരിയാണ് കൊലപാതകത്തിന്റെ ആസൂത്രണത്തിൽ പ്രധാന പങ്കുവഹിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീട്ടിൽ മറ്റാരുമില്ലെന്ന വിവരവും സ്വർണം സൂക്ഷിച്ചിരുന്ന സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും പെൺകുട്ടി മറ്റ് പ്രതികൾക്ക് നൽകിയെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് പിന്നാലെ പെൺകുട്ടി നടത്തിയ പെരുമാറ്റവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി കൊലപാതകം നടന്നശേഷം വീട്ടിലെത്തിയ പെൺകുട്ടി അപ്പൂപ്പനെ കാണാനില്ലെന്ന് അയൽവാസികളോട് പറഞ്ഞു. തുടർന്ന് നാട്ടുകാരെയും കൂട്ടി വീടിനുള്ളിൽ പരിശോധന നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. പരിശോധനയ്ക്കിടെയാണ് വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്വേഷണം വഴിതിരിച്ചുവിടുന്നതിനായുള്ള ആസൂത്രിത നീക്കമായിരുന്നോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
നിലവിൽ നാല് പ്രതികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ പ്രായത്തിന്റെ പേരിൽ ലഭിക്കുന്ന നിയമപരമായ ഇളവുകളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിക്കുന്നത്. ഇതിനായി നാളെ റിപ്പോർട്ട് സമർപ്പിക്കും. ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം നീക്കം ആരംഭിച്ചിട്ടുണ്ട്.











