അഹമ്മദാബാദ്: ഗുജറാത്തിൽ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത വിദേശ പൗരൻ മരിച്ചു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇയാളെ സഹയാത്രികരുമായി ട്രെയിനിൽ വച്ച് തർക്കമുണ്ടായതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗോൾഡൻ ടെമ്പിൾ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ ഇയാൾ ഫയർ എക്സ്റ്റിംഗിഷർ ഉപയോഗിച്ചതായി സഹയാത്രികർ ആരോപിച്ചു. തുടർന്ന് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥരെത്തി ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അക്രമാസക്തമായ പെരുമാറ്റം തുടരുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
ട്രെയിൻ സൂറത്തിലെത്തിയതോടെ വിദേശ പൗരനെയും മറ്റ് രണ്ട് യാത്രക്കാരെയും റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ബോധരഹിതനായി വീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മരിച്ചയാൾക്ക് ഏകദേശം 45 വയസ്സ് പ്രായമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഇയാളുടെ പക്കൽ നിന്ന് പാസ്‌പോർട്ട്, വിസ, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ റെയിൽവേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.



