പത്തനംതിട്ട: ആറന്മുളയിലെ പ്രസിദ്ധമായ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. തോണിയിൽ ദ്വാരം വീണ് വെള്ളം കയറിയതിനെ തുടർന്നാണ് മുങ്ങിയത്. തിരുവോണത്തോണിയുടെ കേടുപാടുകൾക്ക് ദേവസ്വം ബോർഡിന്റെ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് കാരണമെന്നാണ് നാട്ടുകാരുടെയും ഉപദേശക സമിതിയുടെയും ആരോപണം.
ആറന്മുള ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളുടെ ഭാഗമാണ് തിരുവോണത്തോണി. കാട്ടൂർ മനയിലെ കാരണവർ ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി എത്തുന്ന വഞ്ചിയാണ് തിരുവോണത്തോണി എന്നറിയപ്പെടുന്നത്. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് തോണിയുടെ സംരക്ഷണം.
ആറന്മുള ക്ഷേത്രക്കടവിന് സമീപമുള്ള തോണിപ്പുരയിലാണ് സാധാരണയായി തിരുവോണത്തോണി സൂക്ഷിക്കുന്നത്. എന്നാൽ പ്രളയകാലമായതിനാൽ തോണി കടവിലേക്ക് മാറ്റിയിരുന്നു. പള്ളിയോടങ്ങളിൽ എത്തുന്ന തുഴച്ചിലുകാരിൽ ചിലർ തിരുവോണത്തോണിയിലൂടെ പടവിലേക്ക് കയറിയിരുന്നു. ഇതിനിടെയാണ് തോണി മറിഞ്ഞതെന്നാണ് പറയുന്നത്.
പള്ളിയോടങ്ങളേക്കാൾ ശക്തവും ഉറപ്പുള്ളതുമാണ് തിരുവോണത്തോണിയെന്നാണ് പറയപ്പെടുന്നത്. തോണി മുങ്ങിയതോടെ മണ്ഡപത്തിന്റെ മകുടത്തിന് കേടുപാടുകൾ സംഭവിച്ചു. ആണിത്തറയ്ക്കും ഇളക്കം സംഭവിച്ചിട്ടുണ്ട്.
ചരിത്രപ്രാധാന്യമുള്ള തിരുവോണത്തോണി ദേവസ്വം ബോർഡ് വേണ്ടവിധം സംരക്ഷിച്ചില്ലെന്നാണ് നാട്ടുകാരുടെയും ഉപദേശക സമിതിയുടെയും ആരോപണം. നിലവിൽ തോണി കരയിലെത്തിച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ശിൽപി ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഉത്രാടത്തിന് മുമ്പ് തകരാറുകൾ പരിഹരിച്ച് തിരുവോണത്തോണി സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം അധികൃതർ.


