ചെന്നൈ: തന്നെ അമിതമായി പുകഴ്ത്തുന്നതിൽ താൽപര്യമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നിയമസഭയിൽ തന്നെ അതിരുവിട്ട് പ്രശംസിക്കുന്ന എംഎൽഎമാരോട് ഇത്തരത്തിലുള്ള പ്രസംഗങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കറും മന്ത്രിയും നിർദേശിച്ചു.
മുഖ്യമന്ത്രി വിജയ് തന്നെ അമിതമായി പുകഴ്ത്തുന്നത് അനുവദിക്കരുതെന്ന് എഴുതി നൽകിയതായി സ്പീക്കർ ജെസിഡി പ്രഭാകർ അറിയിച്ചു. എംഎൽഎമാർ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രസംഗിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിജയ് മുഖസ്തുതി ഇഷ്ടപ്പെടുന്ന വ്യക്തിയല്ലെന്ന് മന്ത്രി ആധവ് അർജുനയും പറഞ്ഞു. മറ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് വിജയിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതിന് പകരം അതത് വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രം സംസാരിക്കണമെന്നും മന്ത്രി എംഎൽഎമാരോട് ആവശ്യപ്പെട്ടു.











