തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി എസ്എഫ്ഐ. വിസിക്ക് പൊട്ടുതൊടൽ മത്സരം സംഘടിപ്പിച്ചാണ് വിദ്യാർഥി സംഘടന പ്രതിഷേധിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷ വിമർശനമാണ് സഞ്ജീവ് ഉന്നയിച്ചത്. ആർഎസ്എസിന് അനുകൂലമായി വിസി നിലപാട് സ്വീകരിക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പും മന്ത്രിയും അതിന് പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാർഥി സമരങ്ങളെ അപമാനിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും സഞ്ജീവ് കുറ്റപ്പെടുത്തി. കാലടി സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ടും അദ്ദേഹം മന്ത്രിയെ വിമർശിച്ചു.
ഗവർണറും വൈസ് ചാൻസലർമാരും ആർഎസ്എസിന്റെ നിയന്ത്രണത്തിലാണെന്ന ആരോപണവും സഞ്ജീവ് ഉന്നയിച്ചു. സിസാ തോമസിന്റെ പരാതിയിൽ വിദ്യാർഥികൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത സംഭവത്തിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.
കാലിക്കറ്റ് സർവകലാശാലയിൽ ഐഷി ഘോഷിന്റെ പരിപാടി സംഘടിപ്പിച്ചതിന്റെ പേരിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായും സഞ്ജീവ് ആരോപിച്ചു. വിദ്യാർഥികളെ പഠനത്തിൽ നിന്ന് പുറത്താക്കുന്ന നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“എസ്എഫ്ഐ എന്ത് ചെയ്താലും കുറ്റമാണ്. സംഘപരിവാറുമായി തുറന്ന പോരാട്ടം നടത്താൻ കേരളത്തിൽ എസ്എഫ്ഐ അല്ലാതെ മറ്റാരുണ്ട്?” എന്നും സഞ്ജീവ് ചോദിച്ചു. എംഎസ്എഫിനും കെഎസ്‌യുവിനും പ്രതിഷേധിക്കാൻ ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.


