തിരുവനന്തപുരം: തിരുവനന്തപുരം–എറണാകുളം റൂട്ടിൽ കെഎസ്ആർടിസിയുടെ പുതിയ എസി എക്സിക്യൂട്ടീവ് വോൾവോ സർവീസ് ആരംഭിച്ചു. രാവിലെ 5.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് കൊല്ലം, ആലപ്പുഴ, ഹൈക്കോടതി വഴി രാവിലെ 9.45ഓടെ എറണാകുളത്ത് എത്തും. വൈകിട്ട് 5.30ന് എറണാകുളത്ത് നിന്ന് മടങ്ങുന്ന ബസ് രാത്രി 9.45ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. തിങ്കൾ മുതൽ വെള്ളി വരെയാണ് നിലവിൽ സർവീസ്.
വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. 39 റിക്ലൈനർ സീറ്റുകളുള്ള ബസിൽ കാലുകൾ നീട്ടിവെക്കാനുള്ള സൗകര്യവുമുണ്ട്. ഓരോ സീറ്റിനും പിന്നിൽ എന്റർടെയിൻമെന്റ് സ്ക്രീൻ, സൗജന്യ വൈ-ഫൈ, യുഎസ്ബി ചാർജിങ് പോർട്ട് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
മിനി പാൻട്രി, മിനി ഫ്രിഡ്ജ്, കോഫി മേക്കർ, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ബസിലുണ്ട്. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരം, കൊല്ലം അയത്തിൽ, ആലപ്പുഴ കോമാടി, ഹൈക്കോടതി, തോപ്പുംപടി എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ. ടിക്കറ്റ് നിരക്ക് ഏകദേശം 500 മുതൽ 600 രൂപ വരെയാണ്.
കെഎസ്ആർടിസി വെബ് പോർട്ടൽ, ‘എന്റെ കെഎസ്ആർടിസി’ നിയോ OPRS മൊബൈൽ ആപ്പ്, ഔദ്യോഗിക റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. വാട്സ്ആപ്പ് വഴിയും ബുക്കിങ് സൗകര്യമുണ്ട്. ഇതിനായി 9447071021 എന്ന നമ്പറിലേക്ക് ‘Hi’ സന്ദേശം അയച്ചാൽ മതിയാകും.
വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തോട് അടുത്ത സമയക്രമത്തിലാണ് പുതിയ കെഎസ്ആർടിസി സർവീസും ഓടുന്നത്. തിരുവനന്തപുരം–എറണാകുളം യാത്രയ്ക്ക് വന്ദേഭാരതിൽ 690 രൂപയാണ് നിലവിലെ ടിക്കറ്റ് നിരക്ക്.
വാരാന്ത്യ ദിവസങ്ങളിൽ സർവീസ് ഗുരുവായൂരിലേക്ക് നീട്ടുന്നതും കെഎസ്ആർടിസി പരിഗണിക്കുന്നുണ്ട്. വിമാനത്തിലെ ക്യാബിൻ ക്രൂ അംഗത്തിന് സമാനമായി യാത്രക്കാരെ സഹായിക്കുന്നതിനായി ബസ് ഹോസ്റ്റസിനെയും നിയോഗിച്ചിട്ടുണ്ട്. കെഎസ്ആർടിസി സ്വിഫ്റ്റ് ജീവനക്കാരിൽ നിന്നാണ് ഇതിനായി ജീവനക്കാരെ നിയോഗിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് വാങ്ങിയ പ്രീമിയം ബസുകളിൽ ഒന്നാണ് പുതിയ സർവീസിനായി ഉപയോഗിക്കുന്നത്. ഇതോടൊപ്പം വാങ്ങിയ രണ്ടാമത്തെ ബസ് നിലവിൽ ആലപ്പുഴ–ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.











