തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കുള്ള അലവൻസ് ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. നിലവിലുണ്ടായിരുന്ന 500 രൂപയുടെ അലവൻസാണ് ഒറ്റയടിക്ക് 1,000 രൂപയായി ഉയർത്തിയത്. ഓണദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കാണ് പുതുക്കിയ അലവൻസ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.
അതേസമയം, ഓണം പ്രമാണിച്ച് ബെവ്‌കോ ജീവനക്കാർക്കുള്ള ബോണസ് തുകയും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികമാണ് ഇത്തവണ നൽകുക. പരമാവധി ബോണസ് തുക 1.05 ലക്ഷം രൂപയായി ഉയർത്തി. ജീവനക്കാർക്ക് 50,000 രൂപ വരെ ബോണസ് അഡ്വാൻസായും ലഭിക്കും.
എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ബെവ്‌കോ ജീവനക്കാരുടെ ബോണസ് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
എംപ്ലോയ്‌മെന്റ് ജീവനക്കാരുടെ ഓണം ബോണസിലും വർധന വരുത്തിയിട്ടുണ്ട്. ബോണസ് തുക 250 രൂപ ഉയർത്തി 6,250 രൂപയാക്കി. സീപ്പർമാർക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപയും നൽകും.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം ബോണസും അഡ്വാൻസും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അർഹരായ ജീവനക്കാർക്ക് 4,500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി നൽകും.
സർവീസ് പെൻഷൻകാർക്ക് 1,250 രൂപയാണ് പ്രത്യേക ഉത്സവബത്തയായി ലഭിക്കുക. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഓണക്കാലത്ത് വിവിധ വിഭാഗം ജീവനക്കാർക്ക് ആശ്വാസമേകുന്നതാണ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ.



