മധ്യപ്രദേശ്: ഖണ്ഡ്വ കളക്ടറേറ്റിൽ പതിവ് പൊതുജന പരാതി പരിഹാര ഹിയറിങ്ങിനിടെ വ്യത്യസ്ത പ്രതിഷേധം. തെരുവുനായ ശല്യത്തിനെതിരെ ഒരാൾ നായയുടെ മുഖംമൂടി ധരിച്ച് കളക്ടറേറ്റിലെത്തി പരാതി നൽകി. ഖണ്ഡ്വ നഗരത്തിലെ വർധിച്ചുവരുന്ന തെരുവുനായ ശല്യവും നായകളുടെ വന്ധ്യംകരണ പദ്ധതിയിലെ ക്രമക്കേടുകളുമാണ് പ്രതിഷേധത്തിലൂടെ ഉയർത്തിക്കാട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ഖണ്ഡ്വ മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് ദീപക് എന്ന മുള്ളു റാത്തോറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നായയുടെ വേഷമണിഞ്ഞ വ്യക്തിയെയും ഒപ്പം കൂട്ടിയാണ് അദ്ദേഹം പൊതുജന ഹിയറിങ്ങിനെത്തിയത്. നഗരത്തിൽ തെരുവുനായകളുടെ എണ്ണം വർധിക്കുന്നതും നായക്കടി കേസുകൾ കൂടുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതർക്കെതിരായ ആരോപണങ്ങൾ.
നായകളുടെ വന്ധ്യംകരണത്തിനായി 40 ലക്ഷം രൂപയുടെ ബിൽ നൽകിയെങ്കിലും യഥാർഥത്തിൽ വന്ധ്യംകരണം നടത്തിയിട്ടില്ലെന്നാണ് റാത്തോറിന്റെ ആരോപണം. പദ്ധതി നടപ്പാക്കിയതായി രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നഗരത്തിലെ സാഹചര്യം അതിന് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ഖണ്ഡ്വയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും 13,000ത്തിലധികം പേർ നായക്കടിക്ക് ഇരയായെന്ന പരാതിയും പ്രതിഷേധക്കാർ ഉന്നയിച്ചു. സംഭവത്തിൽ ലഭിച്ച പരാതികൾ ഭരണകൂടം ഗൗരവത്തോടെ പരിഗണിച്ചതായി അഡീഷണൽ കളക്ടർ കാശി റാം ബഡോലെ അറിയിച്ചു.
40 ലക്ഷം രൂപയുടെ വന്ധ്യംകരണ ബില്ലുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം മുനിസിപ്പൽ കമ്മീഷണറുമായി ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നും ക്രമക്കേട് കണ്ടെത്തിയാൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും അഡീഷണൽ കളക്ടർ അറിയിച്ചു.




