ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (CAA) പ്രകാരമുള്ള പൗരത്വ നടപടികൾ ലഘൂകരിച്ച് കേന്ദ്രസർക്കാർ. 2026ലെ പൗരത്വ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതോടെയാണ് അതിർത്തി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകിയത്.
ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ത്രിപുരയിലെ ഗോത്രമേഖലകൾ ഒഴികെയുള്ള പ്രദേശങ്ങൾ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജില്ലാ കളക്ടർമാർക്ക് സാധാരണയായി താമസിക്കുന്ന യോഗ്യരായ അപേക്ഷകർക്ക് പൗരത്വം അനുവദിക്കുന്നതിനുള്ള നടപടികൾ നേരിട്ട് കൈകാര്യം ചെയ്യാം.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാർസി വിഭാഗങ്ങളിൽപ്പെട്ട അർഹരായ അപേക്ഷകളിൽ വേഗത്തിൽ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പൗരത്വം അനുവദിക്കുക. രേഖകളുടെ പരിശോധന പൂർത്തിയാക്കി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിനുള്ള നടപടികളും ജില്ലാ കളക്ടർമാർക്ക് നേരിട്ട് നിർവഹിക്കാനാകും.
ഇതുവരെ ഇത്തരം അപേക്ഷകൾ പരിഗണിച്ചിരുന്നത് അധികാരപ്പെടുത്തിയ സമിതികളായിരുന്നു. ജില്ലാ തലത്തിലുള്ള ശാക്തീകരണ സമിതികളിലെ നടപടികൾക്ക് കൂടുതൽ സമയം വേണ്ടിവരുന്ന സാഹചര്യത്തിലാണ് അധികാരം കളക്ടർമാർക്ക് കൈമാറിയതെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പുതിയ നടപടി പൗരത്വ അപേക്ഷകളിലെ കാലതാമസം കുറയ്ക്കുന്നതിനും നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനും സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.



