തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
നിലവിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ സ്വഭാവപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അക്രമവാസന നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുവാറ്റയിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വി.ഡി. സവർക്കർ ക്വിസ് വിവാദത്തിൽ സർക്കാരിന് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. വിഷയത്തിൽ തുടർനടപടികൾ കൃത്യമായി സ്വീകരിച്ച് മുന്നോട്ടുപോകും. സർക്കാരിന്റെ നിലപാട് വിശദമായി കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനുള്ള ഉപസമിതി യോഗം ഓണത്തിന് ശേഷം ഉടൻ ചേരുമെന്നും മന്ത്രി അറിയിച്ചു. തുടർനടപടികളും ഓണത്തിന് ശേഷമായിരിക്കും.
കെ-ടെറ്റ് വിഷയത്തിൽ സുപ്രീംകോടതിയിൽ ക്യൂറേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. അധ്യാപകരെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിനനുസരിച്ചുള്ള വിധി നേടുന്നതിനാണ് ശ്രമം.
കെ-ടെറ്റ് വിഷയത്തിൽ വിവിധ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


