തൃശൂർ: പുലിക്കളിയെക്കുറിച്ച് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ നടത്തിയ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ഗോപി. ശ്രീരാമൻ ഇത്തരത്തിൽ പ്രതികരിച്ചതിൽ സങ്കടമുണ്ടെന്നും അദ്ദേഹം അങ്ങനെ പറയുമെന്ന് കരുതിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പുലിക്കളി കലാകാരന്മാർ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗമാണെന്നും കലയ്ക്കായി അവർ വലിയ ത്യാഗങ്ങൾ സഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പുലിക്കളി കലാകാരന്മാരോട് കരുതലും പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പുലിക്കളിക്കെതിരെ കഴിഞ്ഞ ദിവസമാണ് വി.കെ. ശ്രീരാമൻ വിമർശനവുമായി രംഗത്തെത്തിയത്. പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ഇത്തരം വൈകൃതങ്ങളെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരം കലാരൂപം കണ്ടാൽ ഓക്കാനം വരുമെന്നും ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു കലാവൈകൃതം ഇല്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. നാട്യശാസ്ത്രത്തിലെ ‘ശാർദൂലവിക്രീഡിതം’ എന്ന പേരുമായി ബന്ധപ്പെടുത്തി പുലിക്കളിയെ പരിഹസിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ വി.കെ. ശ്രീരാമനെതിരെ പുലിക്കളി സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ശ്രീരാമന്റെ പരാമർശം ശരീരത്തെ അധിക്ഷേപിക്കുന്നതാണെന്നും ബോഡി ഷേമിങ്ങാണെന്നും അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചു.














