ലഖ്‌നൗ: ഒരു വർഷത്തോളമായി വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരിയെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.
എസ്ബിഐ ജീവനക്കാരനായ മാനസ് വാജ്‌പേയി (38) ആണ് ഭാര്യ ദിവ്യ മിശ്രയെ കൊലപ്പെടുത്തിയത്. ഐസിഐസിഐ ബാങ്ക് ജീവനക്കാരിയായ ദിവ്യയെ ജോലി സ്ഥലത്തെത്തി വിളിച്ചിറക്കിയ ശേഷമാണ് മാനസ് വെടിവെച്ചുകൊന്നത്. ദിവ്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ മാനസ് സഹോദരി ശിവയെയും വെടിവെച്ച് കൊലപ്പെടുത്തി. ശിവ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന യുവതിയായിരുന്നുവെന്നാണ് വിവരം. പിന്നീട് മാനസ് ജീവനൊടുക്കുകയായിരുന്നു.
12 വർഷം മുമ്പാണ് മാനസും ദിവ്യയും വിവാഹിതരായത്. എന്നാൽ ഒരു വർഷത്തിലേറെയായി ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം ദിവ്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ മാനസ് വാട്ട്‌സാപ്പിൽ സ്റ്റാറ്റസ് പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്. ഭാര്യ തന്നെ വഞ്ചിച്ചുവെന്നും തുടർന്ന് സഹോദരിയെ കൊലപ്പെടുത്തി ജീവനൊടുക്കുമെന്നും ഇയാൾ സ്റ്റാറ്റസിൽ പറഞ്ഞിരുന്നതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



