കോഴിക്കോട്: സിജെപി സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായാണ് തനിക്കെതിരായ കേസും അറസ്റ്റുമെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി. മാപ്പ് പറഞ്ഞതിന് ശേഷവും തന്നെ ലക്ഷ്യമിട്ട് തുടർച്ചയായി അപമാനിക്കുകയാണെന്നും പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ജാൻമണി പറഞ്ഞു.
ഹിന്ദി വീഡിയോ പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച പിഴവാണ് വിവാദ പരാമർശത്തിന് കാരണമായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും ജാൻമണി വ്യക്തമാക്കി. പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ജാൻമണിയുടെ പ്രതികരണം.
വ്യാഴാഴ്ച ഉച്ചയോടെയാണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ജാൻമണിയുടെ പരാമർശം ഉൾപ്പെട്ട വീഡിയോ ചിത്രീകരിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി എബിൻ, പാലക്കാട് സ്വദേശി സജിത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ജാൻമണിക്കെതിരെ ചുമത്തിയിരുന്നത്. ഇതേത്തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രവർത്തകർ ജന്തർ മന്തറിൽ നടത്തിയ സമരത്തിനിടെയാണ് ജാൻമണിയുടെ വിവാദ പരാമർശം ഉണ്ടായത്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പരാമർശമെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു.
എന്നാൽ, ജാൻമണിയുടെ മാപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു മഹിളാ മോർച്ച പ്രവർത്തകർ. തെറ്റ് ചെയ്തതിന് ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും അവർ പ്രതികരിച്ചിരുന്നു.












