പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി പരാതി. പ്രത്യേക പാസ് നൽകാമെന്ന് പറഞ്ഞ് 3,000 മുതൽ 5,000 രൂപ വരെ ഓൺലൈനായി വാങ്ങിയ ശേഷം സദ്യ നൽകാതെ കബളിപ്പിക്കുകയാണെന്നാണ് പരാതി. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറയുന്നു. പണം നൽകിയ ശേഷം സദ്യയ്ക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി പലരും തിരിച്ചറിഞ്ഞത്.
ഒരു കുടുംബം സദ്യയ്ക്കായി എപ്പോൾ എത്തണമെന്ന് തട്ടിപ്പ് സംഘത്തോട് രണ്ട് ദിവസമായി അന്വേഷിച്ചെങ്കിലും ഓരോ തവണയും വ്യത്യസ്ത മറുപടിയാണ് ലഭിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് ഇന്ന് ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി.
പള്ളിയോട സേവാസംഘം വഴി ഇതിനകം രണ്ട് പരാതികൾ ആറന്മുള പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. തട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. പമ്പാനദീതീരത്തെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലാണ് പ്രശസ്തമായ വള്ളസദ്യ നടക്കുന്നത്.











