കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ പിണറായി സർക്കാരും നിലവിലെ യുഡിഎഫ് സർക്കാരും കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന ബിജെപി നേതാക്കളുടെ വിമർശനങ്ങൾക്കിടെയാണ് ജിജി ജോസഫ് വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്. പറവൂരിൽ നടന്ന ബിജെപി ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ ഇനി പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ജിജി ജോസഫ് പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ആർജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതിയിൽ നിന്ന് പിന്മാറിയാൽ മറ്റ് കേന്ദ്ര ഗ്രാന്റുകളെ ബാധിക്കില്ലെന്നും അതിന്റെ പേരിൽ കേന്ദ്ര സർക്കാർ കേരളത്തിനെതിരെ നടപടിയെടുക്കില്ലെന്നും ജിജി ജോസഫ് അവകാശപ്പെട്ടു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചപ്പോൾ സിപിഐയ്ക്ക് പിന്നാലെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും രംഗത്തെത്തിയതിനെ തുടർന്നാണ് പിണറായി സർക്കാർ പിന്നോട്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് കെ.എം. ഷാജി പറഞ്ഞിരുന്നു. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തി ഏറെക്കാലമായിട്ടും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ജിജി ജോസഫ് പരിഹസിച്ചു.
‘എയ്‌റോപ്ലെയിൻ പറക്കും പോലെ വേഗത്തിൽ യുഡിഎഫ് അധികാരത്തിലെത്തി. വേങ്ങരയിൽ നിന്ന് അറബിക്കടലിലേക്ക് 50 കിലോമീറ്ററേയുള്ളൂ. എന്നിട്ടും പിഎം ശ്രീ പദ്ധതി കടലിൽ കളഞ്ഞോ?’ എന്നായിരുന്നു ജിജി ജോസഫിന്റെ പരിഹാസം.











