തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറച്ച് മംഗളൂരു മേഖലയിലെ ഉള്ളാൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡ് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്ന തീരുമാനമാണിതെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും എംപി കത്ത് നൽകി.
ഓഗസ്റ്റ് 21ന് റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിലവിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു മേഖലയിലെ ഉള്ളാൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഒക്ടോബർ ഒന്നുമുതൽ മാറ്റം പ്രാബല്യത്തിൽ വരും. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി ഗണ്യമായി കുറയും.
പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് റെയിൽവേ ബോർഡിന്റെ തീരുമാനത്തിന് പിന്നിലെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. കേരളത്തിന്റെ റെയിൽവേ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും പുതിയ നിക്ഷേപങ്ങളും പദ്ധതികളും സൗകര്യങ്ങളും നേടിയെടുക്കുകയും ചെയ്യേണ്ട ഘട്ടത്തിൽ നിലവിലുള്ള ഡിവിഷന്റെ അധികാരപരിധി തന്നെ വെട്ടിക്കുറയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ റെയിൽവേ സംവിധാനത്തിലെ നിർണായക ഘടകമാണ് പാലക്കാട് ഡിവിഷൻ. അധികാരപരിധി കുറയ്ക്കുന്നത് ഭാവിയിൽ ഡിവിഷന്റെ ഭരണപരവും സാമ്പത്തികവുമായ ശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇതിനെ കേവലം ഭരണപരമായ മാറ്റമായി കാണാനാകില്ലെന്നും കേരളത്തിന്റെ റെയിൽവേ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും എംപി വ്യക്തമാക്കി.
വിഷയത്തിൽ കേരളത്തിലെ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കേരളത്തിന് അനുകൂലമായ തീരുമാനങ്ങളുടെ രാഷ്ട്രീയ നേട്ടം പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അവകാശപ്പെടുകയും കേരളത്തിന് പ്രതികൂലമായ തീരുമാനങ്ങളിൽ ഉത്തരവാദിത്തമില്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വിമർശിച്ചു. റെയിൽവേ ബോർഡിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കണമെന്നും പിന്തുണയ്ക്കുന്നില്ലെങ്കിൽ തീരുമാനം പിൻവലിപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് ആലപ്പുഴയിലെത്തുന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജറുമായി വിഷയം നേരിട്ട് ചർച്ച ചെയ്യുമെന്നും യാത്രക്കാരുടെയും യാത്രക്കാരുടെ സംഘടനകളുടെയും ആശങ്കകളും പ്രതിഷേധവും അറിയിക്കുമെന്നും എംപി പറഞ്ഞു. പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിച്ച് തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും.
കേരളത്തിലെ യുഡിഎഫ് എംപിമാരുമായി ഏകോപിച്ച് വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. പാർലമെന്റിലും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് മുന്നിലും പ്രതിഷേധം ശക്തമാക്കും. തീരുമാനം പിൻവലിക്കുന്നതുവരെ രാഷ്ട്രീയ, പാർലമെന്ററി, ജനകീയ തലങ്ങളിൽ പോരാട്ടം തുടരുമെന്നും പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.











