തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നും പിണറായി വിജയൻ അത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. തർക്ക വിഷയങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും സ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കുമെന്നും പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപനേതാവിന്റെ പേര് നിർദേശിച്ചുള്ള കത്ത് താനാണ് നൽകേണ്ടതെന്നും കത്തിൽ സിപിഐഎം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽനിന്ന് ഒരുതരത്തിലും പിന്നോട്ടില്ലെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ എൽഡിഎഫിന്റെ പേരിൽ പാർലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ രൂപീകരിക്കണമെങ്കിൽ സിപിഐയുടെ ആവശ്യം കൂടി പരിഗണിക്കേണ്ടിവരുമെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തർക്കം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് സിപിഐയുടെ നിലപാട്. പദവി സംബന്ധിച്ച വിഷയത്തിൽ മുന്നണിക്കുള്ളിൽ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം.


