ന്യൂഡൽഹി: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഭാര്യയുടെ ബന്ധുക്കളെത്തി ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് വെള്ളിയാഴ്ച ദാരുണ സംഭവം നടന്നത്. 31കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ വിനയ് ഗുപ്തയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ രേഖയെയും രണ്ട് സഹോദരന്മാരെയും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുദ്ധ് വിഹാർ സ്വദേശിനിയായ രേഖയെ മൂന്നര വർഷം മുമ്പാണ് വിനയ് വിവാഹം കഴിച്ചത്. ലക്ഷ്മി പാർക്കിൽ താമസിച്ചിരുന്ന ദമ്പതികൾക്ക് നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന വിനയ്‌ക്ക് പ്രതിവർഷം ഏകദേശം 60 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്.
കുട്ടികളിലൊരാൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിനയ്‌യുടെ അമ്മയുടെ മൊഴി. തർക്കത്തിനിടെ വിനയ് ശബ്ദമുയർത്തിയതിനെ തുടർന്ന് പ്രകോപിതയായ രേഖ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ഏകദേശം പത്ത് മിനിറ്റിന് ശേഷം മടങ്ങിയെത്തിയപ്പോൾ ബന്ധുക്കളായ ആറുപേരും ഒപ്പമുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
വീട്ടിലെത്തിയ സംഘം ആദ്യം വിനയ്‌ക്ക് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടതായും പിന്നാലെ ക്രൂരമായി മർദിച്ചെന്നുമാണ് അമ്മയുടെ ആരോപണം. വിനയ്‌യുടെ മാതാപിതാക്കൾ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഘം വിനയ്‌യുടെ കഴുത്ത് ഞെരിക്കുകയും നെഞ്ചിൽ കൈയും കാലും ഉപയോഗിച്ച് തുടർച്ചയായി മർദിക്കുകയും ചെയ്തതായാണ് കുടുംബം പറയുന്നത്.
ആക്രമണമാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിന് പിന്നിൽ മുൻകൂട്ടിയുള്ള ആസൂത്രണമുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് തൊട്ടുമുമ്പ് വീട്ടിലെ സിസിടിവി ക്യാമറകൾ ഓഫാക്കിയിരുന്നുവെന്നതാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. രേഖയാണ് ക്യാമറകൾ മനഃപൂർവം ഓഫാക്കിയതെന്നും കുടുംബം ആരോപിക്കുന്നു.
വിനയ്‌യും രേഖയും കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പ്രത്യേക ഭാഗത്താണ് താമസിച്ചിരുന്നതെന്നും രേഖ അവിടെ പ്രത്യേകം ഭക്ഷണം പാകം ചെയ്തിരുന്നുവെന്നും വിനയ്‌യുടെ കുടുംബം പറയുന്നു. ഗാർഹിക കാര്യങ്ങളെച്ചൊല്ലി രേഖയും വിനയ്‌യുടെ അമ്മയും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു. ദമ്പതികൾ തമ്മിൽ ചെറിയ തർക്കങ്ങളുണ്ടാകുമ്പോൾ പോലും രേഖയുടെ സഹോദരൻ വിനയ്‌യെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ 103(1), 3(5) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിലേക്ക് നയിച്ച കാരണങ്ങളും വിനയ്‌യുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
മർദനത്തിൽ അറസ്റ്റിലായ ഓരോ പ്രതിയുടെയും പങ്ക് വ്യക്തമായി കണ്ടെത്തുന്നതിനായി ഇവരെ പ്രത്യേകം ചോദ്യംചെയ്യുകയാണ്. സിസിടിവി ക്യാമറകൾ മനഃപൂർവം ഓഫാക്കിയെന്ന കുടുംബത്തിന്റെ ആരോപണവും ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നതും വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.











