കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് ഗുളികകളും മദ്യവും വിൽപ്പന നടത്തുകയും വ്യക്തിഗത ഉപയോഗത്തിനായി കൈവശംവെക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ തുടർച്ചയായ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് അറസ്റ്റ്.
അനധികൃത ഇടപാടുകളിലൂടെ ലഭിച്ച പണം മറച്ചുവയ്ക്കുന്നതിനായി പ്രതികൾ അതിന്റെ ഒരു ഭാഗം സ്വർണവും വിലകൂടിയ ആഡംബര വാച്ചുകളും വാങ്ങാൻ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികളിൽനിന്ന് 120 ലിറിക്ക ക്യാപ്സൂളുകൾ, 150 ഗ്രാം ലിറിക്ക പൗഡർ, 60 സൈക്കോട്രോപിക് ഗുളികകൾ, മൂന്ന് കുപ്പി മദ്യം, ഡിജിറ്റൽ തൂക്കയന്ത്രം എന്നിവ പിടിച്ചെടുത്തു. അനധികൃത വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 40,000 കുവൈത്ത് ദിനാർ പണവും കണ്ടെടുത്തു.
ഏകദേശം 50,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന നാല് ആഡംബര വാച്ചുകളും 3.11 ലക്ഷം കുവൈത്ത് ദിനാർ വിലവരുന്ന ഏഴ് കിലോഗ്രാം സ്വർണവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന്, മദ്യവിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് ഇവ വാങ്ങിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
മയക്കുമരുന്ന് വ്യാപാരം തടയുന്നതിനൊപ്പം അനധികൃത ഇടപാടുകളിലൂടെ ലഭിക്കുന്ന പണത്തിന്റെ ഉറവിടവും അത് മറച്ചുവയ്ക്കാൻ സ്വീകരിക്കുന്ന മാർഗങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറസ്റ്റിലായ മൂന്ന് പേരെയും പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.













