മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന സൈ ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 194 കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളിൽ 94 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് 750 റെയ്ഡുകളും നടത്തി.
റെയ്ഡുകളിൽ 171 ഉപകരണങ്ങളും 320 രേഖകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ചെക്കുകൾ വഴിയും എ.ടി.എം വഴിയും പിൻവലിച്ചവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ വാങ്ങിയവരെയുമാണ് പ്രധാനമായും അറസ്റ്റ് ചെയ്തത്.
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ ചിലരെ നോട്ടീസ് നൽകി വിട്ടയച്ചു. ഇവർക്ക് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് പിന്നീട് കണ്ടെത്തിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്നത് വലിയ കുറ്റകൃത്യങ്ങൾക്ക് സഹായകരമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഇത്തരത്തിൽ കൈമാറിയ ജില്ല മലപ്പുറമാണെന്നും പൊലീസ് പറഞ്ഞു. ഏകദേശം 25,000 ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതായി സൈബർ വിഭാഗം അറിയിച്ചു.
പലപ്പോഴും അക്കൗണ്ട് ഉടമ അറിയാതെയും അവരുടെ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പിനായി ഉപയോഗിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷിച്ച് എത്തുമ്പോഴാണ് ചില ഉടമകൾ ഇക്കാര്യം അറിയുന്നത്.
ബാങ്ക് അക്കൗണ്ടുകളോ സിം കാർഡുകളോ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകിയിട്ടുണ്ടെങ്കിൽ അവ ഉടൻ റദ്ദാക്കണം. സംശയാസ്പദമായ കോളുകളിലും ഓൺലൈൻ വാഗ്ദാനങ്ങളിലും ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന നമ്പറിൽ കേരള പൊലീസിനെ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.



