തിരുവനന്തപുരം: ഉൽപന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി മിൽമ തിരുവനന്തപുരം യൂണിയൻ നാല് പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചു.
പനീർ പോപ്സ്-ചെട്ടിനാട്, പനീർ പോപ്സ്-പെരി പെരി, സ്വീറ്റൻഡ് യോഗർട്ട്, ബ്ലൂബറി യോഗർട്ട് എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേർന്നാണ് ഉൽപന്നങ്ങൾ പുറത്തിറക്കിയത്.
മിൽമ ശാസ്ത്രീയമായും ശുചിത്വത്തോടെയും മികച്ച ഗുണനിലവാരം ഉറപ്പാക്കിയാണ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മിൽമയ്ക്കെതിരെ അടുത്തിടെ പ്രചരിച്ച ചില വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വീഴരുതെന്നും മന്ത്രി പറഞ്ഞു.
മാറുന്ന കാലത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും അനുസരിച്ച് കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കുകയാണ് മിൽമയുടെ ലക്ഷ്യം. കേരളത്തെ പാലുൽപാദനത്തിൽ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇതിനായി എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


