കൊച്ചി: കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന വിവാഹസംഘമാണ് ബസിലുണ്ടായിരുന്നത്. ബൈക്ക് യാത്രികന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.
തുടർന്ന് ബസ് റോഡരികിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പമ്പിന് സമീപം ഉണ്ടായിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


