മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനമേറ്റു. സംഭവത്തിൽ അസം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റിലായത്. തിരൂരിൽ ഇന്നലെയാണ് സംഭവം.
ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇതിനിടെ യുവതി കുതറി രക്ഷപ്പെട്ടെന്നുമാണ് സഹയാത്രികർ ആർപിഎഫ് ഉദ്യോഗസ്ഥനെ അറിയിച്ചത്. എന്നാൽ സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.
പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ആർപിഎഫ് എഎസ്ഐയെയാണ് യുവാവ് ആക്രമിച്ചത്. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, മനഃപൂർവമുള്ള മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.











