കണ്ണൂർ: പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം. ഓഗസ്റ്റ് 29ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യന്നൂരിലും പെരിങ്ങോത്തും ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഓഗസ്റ്റ് 30ന് മയ്യിലും 31നുമാണ് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തുക.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു എന്നായിരുന്നു നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയത്. കൂട്ടത്തിൽ ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന് വിലയിരുത്തി ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിയിലേക്ക് നേതൃത്വം ചുരുക്കിയതും ചർച്ചയായിരുന്നു. എന്നാൽ സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന നിലവിലെ തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദനും പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് സിപിഐഎമ്മിൽ നിന്നും പുറത്തുവന്ന പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനും സംയുക്ത വാർത്താസമ്മേളനം നടത്തി ഈ വാദത്തെ ഖണ്ഡിച്ചിരുന്നു. ജില്ലാ കമ്മിറ്റിയിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് വിമർശനം ഉയർന്നപ്പോഴും സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിയായിരുന്നുവെന്നാണ് ഇരുവരും വ്യക്തമാക്കിയത്.


