മലപ്പുറം: ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. രണ്ടുപേരെ കൊന്നതായി സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട്, ഗൂഡല്ലൂരിൽ 48 മണിക്കൂർ നീളുന്ന ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നിർദേശം. ഗൂഡല്ലൂരിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളും ഉണ്ടാവുന്ന സാഹചര്യത്തിലാണ് നിർദേശം. അവധിക്കാലമായതിനാൽ ഊട്ടിയിലേക്കും മൈസൂരുവിലേക്കും കേരളത്തിൽ നിന്ന് നിരവധി ആളുകൾ ഗൂഡല്ലൂർ വഴി യാത്ര ചെയ്യുന്നുണ്ട്.


