തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ സർക്കാർ നിയോഗിച്ചു. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.
മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് ആത്മഹത്യ ചെയ്തത്. ഓട്ടോയ്ക്ക് ഫിറ്റ്നസ് ലഭിക്കാത്തതിൽ മനംനൊന്ത് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു സംഭവം. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ഷൗക്കത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു.
അതേസമയം, ഷൗക്കത്തിന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിന് രണ്ട് ദിവസം മുൻപ് ഷൗക്കത്ത് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഫിറ്റ്നസിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും ഷൗക്കത്ത് ആരോപിച്ചിരുന്നു.
സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ നേരത്തെ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. വിഷയത്തിൽ മോട്ടോർ വാഹന വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സർക്കാർ നിയോഗിച്ച അന്വേഷണത്തിലൂടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിന്റെ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.


