കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ അറിയിച്ചു. കാണാതായവരിൽ 33 പേർ മലയാളികളാണ്. പശ്ചിമബംഗാളിൽ നിന്നുള്ള 32 പേരെയും തമിഴ്നാട്ടിൽ നിന്നുള്ള 85 പേരെയും കുറിച്ചും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ത്രിശൂലി-1 വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കൈലാസ് മാനസരോവർ തീർഥാടനത്തിനെത്തിയ തമിഴ്നാട്ടുകാരും കാണാതായവരിലുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 61 പേരുമായും ബന്ധപ്പെടാൻ കഴിയുന്നില്ല.
നേപ്പാളിലെ രാസുവ, നുവാകോട്ട്, ധാഡിങ്, ഗോർഖ ജില്ലകളിലാണ് പ്രളയം കനത്ത നാശം വിതച്ചത്. ഭോട്ടേകോശി, ത്രിശൂലി നദികളിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ആശയവിനിമയ സംവിധാനങ്ങളും തകർന്ന നിലയിലാണ്. മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 332 ആയി ഉയർന്നു.
അതേസമയം, 178 ഇന്ത്യക്കാരടക്കം 644 വിനോദസഞ്ചാരികളെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡും അറിയിച്ചു. ട്രാവൽ കമ്പനികൾ, ഗൈഡുകൾ, പ്രാദേശിക അധികൃതർ, സുരക്ഷാ ഏജൻസികൾ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ടൂറിസം ബോർഡ് വ്യക്തമാക്കി.
കാണാതായവരിൽ നേപ്പാൾ, ഇന്ത്യ, യുഎസ്, യുക്രെയ്ൻ, മലേഷ്യ, ഓസ്‌ട്രേലിയ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതിനിടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉന്നതതല ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. വിദേശകാര്യ സെക്രട്ടറി, കാഠ്മണ്ഡുവിലെയും ബീജിങ്ങിലെയും ഇന്ത്യൻ അംബാസിഡർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും യോഗത്തിൽ അവലോകനം ചെയ്തു.


