മലപ്പുറം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണം. കേസിൽ നിർണായക തെളിവുകൾ ലഭിക്കാവുന്ന ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതെ കുടുംബത്തിന് തിരികെ നൽകിയെന്നാണ് പരാതി.
ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ അരീക്കോട് പൊലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഫോൺ കുടുംബത്തിന് കൈമാറിയെന്നാണ് ആരോപണം. പാറ്റേൺ ലോക്കിലുള്ള ഫോൺ ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിർണായക വിവരങ്ങൾ ഫോണിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ബന്ധു സക്കീർ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടും ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
അതേസമയം, സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. എംവിഡി ഉദ്യോഗസ്ഥർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജന്റുമാരുടെ ശക്തമായ ലോബി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഏജന്റുമാരെ ഒഴിവാക്കി ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുന്നവർക്ക് ഫിറ്റ്നസ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
വാഹനത്തിൽ മോഡിഫിക്കേഷൻ നടത്തിയെന്നാരോപിച്ചാണ് ഷൗക്കത്തിന്റെ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് നിഷേധിച്ചതെന്നാണ് വിവരം. നേരത്തെ ഏജന്റ് മുഖേന ഫിറ്റ്നസ് ലഭിച്ച അതേ വാഹനത്തിനാണ് പിന്നീട് നേരിട്ട് അപേക്ഷ നൽകിയപ്പോൾ ഫിറ്റ്നസ് നിഷേധിച്ചതെന്നും ആരോപണമുണ്ട്.
ഓട്ടോറിക്ഷയിൽ എംവിഡി ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകളൊന്നുമില്ലെന്നും സ്റ്റീൽ കമ്പികൾ മാത്രമാണ് വാഹനത്തിലുള്ളതെന്നും നാട്ടുകാർ പറയുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് നിരവധി തവണ എംവിഡി ഓഫീസുകളിൽ എത്തിയിരുന്നുവെന്നും ഇവർ പറയുന്നു.
ഏജന്റിന്റെ സഹായമില്ലാതെ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ഇതാണ് ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഷൗക്കത്ത് ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്ന തരത്തിലുള്ള കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്റെ ജീവിതമാർഗം തന്നെ തകർത്തുവെന്നായിരുന്നു ഷൗക്കത്തിന്റെ ആരോപണം. കഴിഞ്ഞ പത്ത് മാസമായി ഏജന്റുമാരുടെ ഓഫീസുകൾ കയറിയിറങ്ങിയെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ശാസ്ത്രീയമായി പരിശോധിക്കണമെന്നും കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നു.


