സിനിമാ മേഖലയിലെ തന്റെ 20 വർഷത്തെ യാത്രയെക്കുറിച്ചും നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്ന് നടി പാർവതി തിരുവോത്ത്. സിനിമാ മേഖയിലുള്ള പല പ്രശ്നങ്ങളും തുറന്നു പറഞ്ഞപ്പോൾ തന്നെ വില്ലനാക്കാൻ പലരും ശ്രമിച്ചെന്നും താരം പറയുന്നു. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
ഇതുവരെ എടുത്ത നിലപാടുകളിൽ യാതൊരുവിധ നിരാശയും തനിക്ക് തോന്നിയില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ ഭയപ്പെടുത്താൻ കഴിയില്ലെന്നും താരം പറയുന്നു. സിനിമയിൽ കരിയർ ആരംഭിച്ച സമയങ്ങളിൽ സിനിമയിലെ പവർഫുള്ളായ ഗ്രൂപ്പുകൾ ഈ മേഖലയിൽ ആവശ്യമാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ ഇത്തരം ഗ്രൂപ്പുകളെ ആശ്രയിക്കാതെ തന്നെ സിനിമകൾ ചെയ്യാനും മേഖല മുമ്പോട്ട് പോകുമെന്നും പിന്നീട് മനസ്സിലാക്കിയെന്നും താരം പറയുന്നു.
തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടാലും സംവിധായകർക്കും നടന്മാർക്കും വീണ്ടും അവസരങ്ങൾ നൽകാൻ ആളുകളുണ്ട്. എന്നാൽ ഒരു സിനിമ പരാജയപ്പെട്ടാൽ പോലും മാറ്റിനിർത്തപ്പെടുന്ന നിരവധി സ്ത്രീകൾ മലയാള സിനിമാ മേഖലയിലുണ്ടെന്നും പാർവ്വതി പറയുന്നു.


