പത്തനംതിട്ട: ഇരവിപേരൂരിൽ കൂട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ടുപേർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. സംഭവത്തിൽ കിണറ്റിൽ നിന്ന് രക്ഷപ്പെട്ട ജോജോ ജോണിനെയും സംഭവസ്ഥലത്തുണ്ടായിരുന്ന വൈശാഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപേരൂർ കുളക്കാട് വീട്ടിൽ ജൂവൽ (34) ആണ് മരിച്ചത്.
ഇരവിപേരൂർ ഒ.ഇ.എം. പബ്ലിക് സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജൂവലും സുഹൃത്തുക്കളായ ജോജോ ജോണും വൈശാഖും കിണറ്റിൻകരയിൽ സംസാരിച്ചുനിൽക്കുന്നതിനിടെ തർക്കമുണ്ടാകുകയും തുടർന്ന് പിടിച്ചുതള്ളൽ ഉണ്ടാകുകയുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിനിടെ ജൂവലും ജോജോയും കിണറ്റിലേക്ക് വീണു.
സംഭവത്തെ തുടർന്ന് വൈശാഖാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോഴേക്കും ജോജോ കിണറ്റിൽ നിന്ന് കരയ്ക്ക് കയറിയിരുന്നു. തുടർന്ന് ജൂവലിനെ പുറത്തെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിണറിന്റെ കെട്ടിലിരിക്കുമ്പോൾ അബദ്ധത്തിൽ വീണതാണെന്നാണ് ജോജോ പൊലീസിനോട് പറഞ്ഞത്. എന്നാൽ, സ്ഥലത്തെത്തിയ തിരുവല്ല പൊലീസ് മൊഴിയിൽ സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് ജോജോയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് മുങ്ങിയ വൈശാഖിനെയും പിന്നീട് പൊലീസ് പിടികൂടി.
ജൂവലിന്റെ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ജൂവലിന്റെ അച്ഛൻ ജോൺ വർഗീസ്, അമ്മ ലിസി.












