തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. കേരളത്തിന്റെ മുഖ്യമന്ത്രി ശിരസ്സിനകത്ത് സൂക്ഷിക്കുന്നത് ‘വിചാരധാര’യാണെന്ന് ചിന്ത ജെറോം ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന ഡിവൈഎഫ്ഐ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മലയാളികളുടെ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രതീകമായ ഓണം ആഘോഷിക്കുന്നതിനിടെയാണ് മതേതര കേരളത്തിന് വെല്ലുവിളിയുയർത്തുന്ന തരത്തിൽ സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിച്ചതെന്ന് ചിന്ത പറഞ്ഞു. ‘വിചാരധാര’ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ഉൾക്കൊണ്ട് അതിനനുസരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും അവർ വിമർശിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നത് തടയാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ‘സ്റ്റോപ്പ്, സ്റ്റോപ്പ്’ എന്ന് പറയുന്ന ദൃശ്യങ്ങൾ കണ്ടെന്നും ചിന്ത പരിഹസിച്ചു. എന്നാൽ അവിടെ ക്വയർ സംഘത്തെ അയച്ചത് കേരളത്തിൽ നിന്നുള്ള വി.ഡി. സതീശനാകാനാണ് സാധ്യതയെന്നും അവർ ആരോപിച്ചു.
യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ വലിയ ബന്ധമാണുള്ളതെന്നും ഇരുകൂട്ടരും ‘അനിയൻബാവയും ചേട്ടൻബാവയും’ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ചിന്ത പറഞ്ഞു. നരേന്ദ്ര മോദി സ്വീകരിക്കുന്നതിനേക്കാൾ തീവ്രമായ നയങ്ങളും വർഗീയ നിലപാടുകളും കേരളത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
മൂന്ന് മാസംകൊണ്ട് തന്നെ സർക്കാരിന്റെ പ്രവർത്തനരീതി ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. നാളെ സർക്കാർ പരിപാടികളിൽ പ്രോട്ടോക്കോൾ പ്രകാരം ‘ഗണഗീതം’ പാടണമെന്ന് നിർദേശിച്ചാൽ അതും നടപ്പാക്കാൻ മടിയില്ലാത്ത സർക്കാരാണ് കേരളത്തിലേതെന്നും ചിന്ത വിമർശിച്ചു.
ഭരണഘടനയുടെ ശിൽപ്പികളെയാണ് തങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്നും ദേശീയ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ രാജ്യസ്നേഹികളായ മതനിരപേക്ഷവാദികളുടെ ചിത്രങ്ങളാണ് ഉയർത്തിപ്പിടിക്കുന്നതെന്നും ചിന്ത പറഞ്ഞു. ഭഗത് സിങ്ങിനെപ്പോലുള്ള പോരാളികളുടെ പോരാട്ടവീര്യമാണ് തെരുവിലിറങ്ങി പ്രതിഷേധിക്കാനുള്ള ഊർജം നൽകുന്നത്. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ഉൾക്കൊണ്ടാണ് തങ്ങൾ സമരം നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ നിലവിലെ സമീപനം തുടരുകയാണെങ്കിൽ കേരളത്തിന്റെ തെരുവുകളിൽ സമാനതകളില്ലാത്ത പോരാട്ടങ്ങൾക്ക് സാക്ഷിയാകേണ്ടിവരുമെന്നും ചിന്ത മുന്നറിയിപ്പ് നൽകി. ഇത്തരം പ്രതിഷേധങ്ങളെ നേരിടാൻ യു.ഡി.എഫ് സർക്കാരും പൊലീസും തയ്യാറായിരിക്കണമെന്നും അവർ പറഞ്ഞു.












